വിവാഹാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിക്കുന്നു

Wednesday 22 July 2020 8:55 PM IST

തൃശൂർ: വിവാഹാഭ്യർത്ഥന നിരസിച്ച എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ കുത്തിയും കത്തിച്ചും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആരംഭിക്കുന്നു. ചിയ്യാരം വൽസാലയത്തിൽ നീതുവിനെ (21) കുത്തിപ്പരിക്കേൽപിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി വിസ്താരമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത് കുമാർ മുമ്പാകെ ആരംഭിക്കുന്നത്. 2019 ഏപ്രിൽ 4ന് രാവിലെ 6.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കേക്കാട് കല്ലൂർകാട്ടയിൽ വീട്ടിൽ നിധീഷ് (27) നടത്തിയ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യം മൂലം നീതുവിനെ കൊലപ്പെടുത്തി എന്നാണ് പ്രൊസിക്യൂഷൻ ആരോപണം.

കൊല്ലപ്പെട്ട നീതുവിന്റെ മാതാവ് വളരെ മുമ്പു തന്നെ മരിച്ചിരുന്നു. പിതാവ് മറ്റൊരു വിവാഹം കഴിച്ച് പുറമെ താമസിച്ചു വരികയാണ്. ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് നീതു പഠനം നടത്തിയിരുന്നത്. കാക്കനാടുള്ള ഐ.ടി കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കളമശ്ശേരിയിൽ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. രാവിലെ 6.45ന് മോട്ടോർ സൈക്കിളിൽ നീതുവിന്റെ വീടിന്റെ പിൻവശത്ത് എത്തിയ പ്രതി മോട്ടോർ സൈക്കിൾ റോഡരികിൽ വച്ച ശേഷം പിറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി ബാത്‌റൂമിൽ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും, വയറിലും മറ്റും മാരകമായി കുത്തി പരിക്കേല്പിച്ച്, പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് നീതു കൊല്ലപ്പെടുകയായിരുന്നു.

സിറ്റി പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മിഷണറായ സി.ഡി. ശ്രീനിവാസനാണ് കേസിന്റെ അന്വേഷണം നടത്തിയത്. കേസിൽ 90 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. 58 സാക്ഷികളാണ് ഉള്ളത്. ആഗസ്റ്റ് 17 മുതൽ സാക്ഷി വിസ്താരം ആരംഭിച്ച് തുടർച്ചയായി സെപ്തംബർ മാസം 7 വരെ വിചാരണ നടത്താൻ ജില്ലാ സെഷൻസ് കോടതി നിശ്ചയിച്ചിട്ടുണ്ട്. 2019 ഏപ്രിൽ 5 മുതൽ പ്രതി ജാമ്യം കിട്ടാത്തതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയാണ്.