കാർഷിക മേഖലയ്ക്ക് കരുത്തേകാൻ തൊഴിൽസേന

Thursday 23 July 2020 12:04 AM IST
വലിയ ഏലായിൽ വൃക്ഷായുർവേദ ജൈവ നെൽകൃഷി ചെയ്യന്ന പാടശേഖരത്ത് തൊഴിലാളികൾ കൃഷിപ്പണിയിൽ

തിരുവനന്തപുരം: തളർച്ചയിലായ കാർഷിക രംഗത്തെ കൈപിടിച്ചുയർത്തുന്നതിന് പുത്തൻ കർമ്മ പദ്ധതികളുമായി കിഴുവിലം തൊഴിൽസേന. സ്വന്തം പുരയിടത്തിലും പാട്ടത്തിനെടുക്കുന്ന കൃഷിയിടങ്ങളിലും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ രീതിയിലുള്ള സഹായങ്ങളെത്തിച്ചാണ് തൊഴിൽസേന മാതൃകയാകുന്നത്. കൃഷിയുടെ പ്രാരംഭഘട്ടം മുതൽ വിളവെടുപ്പുവരെയുള്ള സമയങ്ങളിൽ എപ്പോഴും കൈത്താങ്ങായി സംഘടനയുണ്ടാകും.

2008ൽ വി.എസ്. കണ്ണൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയിലാണ് തൊഴിൽസേന രൂപീകരിക്കുന്നത്. അന്നുതൊട്ടിന്നുവരെ കിഴുവിലത്തിന്റെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് പകരാൻ കൂട്ടായ്മക്കായി. താലൂക്കിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ വലിയ ഏലായിൽ പാടശേഖര സമിതിയുടെ സഹകരണത്തോടെ തൊഴിൽസേന നെൽക്കൃഷി ചെയ്യുന്നുണ്ട്. എട്ടര ഏക്കറിലാണ് കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ കൃഷിയിറക്കിയത്. നിലവിൽ വി.എസ്. കണ്ണനാണ് തൊഴിൽസേനയുടെ പ്രസി‌ഡന്റ്. രാജീവൻനായരാണ് സെക്രട്ടറി.

മാതൃകയായി വൃക്ഷായുർവേദ നെൽകൃഷി

പതിവ് ജൈവനെൽക്കൃഷിയിൽ നിന്ന് വ്യത്യസ്തമായി വൃക്ഷായുർവേദ നെൽകൃഷിയാണ് ഇവിടെ നടപ്പാക്കുന്നത്. രണ്ടാം തവണയാണ് ഇത്തരത്തിൽ ഏഷ്യൻ അഗ്രിഹിസ്റ്ററി ഫൗണ്ടേഷൻ കേരളാ ചാപ്റ്ററിന്റെ നിർദ്ദേശ പ്രകാരം കൃഷിയിറക്കുന്നത്. ജൈവ വളമായി ഹരിത കഷായം ഉപയോഗിക്കുന്നു. ഇത് കൂടുതൽ വിളവിനും ഗുണമേന്മയ്ക്കും സഹായിക്കുന്നതായാണ് കർഷകർ പറയുന്നത്. പതിര് ഗണ്യമായി കുറയുന്നതിനും കഷായം ഫലപ്രദമാണ്.

പ്രധാന സേവനങ്ങൾ ഇവയൊക്കെ....

ഭൂവുടമകൾക്ക് തൊഴിൽസേന കൃഷിചെയ്ത് നൽകും

ഒരു സെന്റ് ഭൂമിക്ക് കൂലി നൽകേണ്ടത് 525 രൂപ

 തൊഴിൽസേനയിൽ നിന്ന് ഭൂമിയും പാട്ടത്തിനെടുക്കാം

ഇതിനായി ലാൻഡ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്.

ഷെയർ ഹോൾഡർമാർക്ക് നെൽക്കൃഷിയിൽ പങ്കാളികളാകാം

ഇതിനായി അടയ്ക്കേണ്ടത് സെന്റിന് 525 രൂപ

ആവശ്യാനുസരണം ഷെയർ വാങ്ങാം

ഷെയറിന് അനുസരിച്ച് വിളയിക്കുന്ന നെല്ല് വീട്ടിലെത്തിക്കും

നിലവിൽ 12 ഷെയർ ഹോൾഡർമാർ