ചിങ്ങോലി കൊലപാതകം : പ്രതികൾ പൊലീസ് പിടിയിൽ

Thursday 23 July 2020 1:00 AM IST

ഹരിപ്പാട് : ചിങ്ങോലിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ചിങ്ങോലി തറവേലിക്കകത്ത് വീട്ടിൽ ഹരീഷ് (30), കലേഷ് ഭവനത്തിൽ കലേഷ് (29) എന്നിവരാണ് പിടിയിലായത്. ചിങ്ങോലി പതിനൊന്നാം വാർഡ് നെടിയാത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമന്റെ മകൻ ജയറാമാണ് (30) ഞായറാഴ്ച രാത്രി ഏഴരയോടെ ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം കുത്തേറ്റ് മരിച്ചത്.

ജയറാമിനൊപ്പം നിർമ്മാണ തൊഴിൽ ചെയ്തിരുന്നവരാണ് പ്രതികൾ. ഡിവൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരീലകുളങ്ങര സി.ഐ എസ്.എൽ അനിൽ കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ മണിക്കുട്ടൻ, ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ബിനു, ഇല്ല്യാസ്, റിനു ഉമ്മൻ, ഷാജി, പ്രദീപ്, എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട കൊടുമൺ ഐക്കാട് പ്രദേശത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

കുത്താനുപയോഗിച്ച കത്തി നങ്ങ്യാർകുളങ്ങര റെയിൽവേ ക്രോസിന് സമീപമുള്ള ഇടറോഡിലെ ചാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തു. ജയറാമും പ്രതികളും ചിങ്ങോലിയിലുള്ള കോൺട്രാക്ടർക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്. പ്രതികളിലൊരാളായ ഹരീഷ് അടുത്തിടെയാണ് ഈ കോൺട്രാക്ടർക്കൊപ്പമെത്തിയത്. ഇതോടെ തന്നെ ജോലിക്ക് വിളിക്കുന്നില്ലെന്ന പേരിൽ ജയറാമും കോൺട്രാക്ടറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് തലേ ദിവസം ജയറാമും കലേഷും തമ്മിൽ കള്ള് ഷാപ്പിൽ വച്ച് വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായി. സംഭവ ദിവസം ഹരീഷ് ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്നാണ് കലേഷ്കൊലപാതകം നടന്ന സ്ഥലത്ത് എത്തിയത്. ബൈക്കിൽ നിന്നും ചാടിയിറങ്ങിയ ഹരീഷ് ജയറാമിനെ വെല്ലുവിളിച്ചു. തുടർന്ന് ഇടുപ്പിൽ കരുതിയ കത്തി ഉപയോഗിച്ച് ഹരീഷ് ജയറാമിനെ കുത്തി. കാൽമുട്ടിന് മുകളിലൂടെ തുടയിലേക്ക് കത്തി തുളഞ്ഞ് കയറിയതോടെ ജയറാം നിലത്ത് വീണു. ഇതോടെ പ്രതികൾ ബൈക്കിൽ കടന്നു കളഞ്ഞു. ഇടതു തുടയിൽ ആഴത്തിൽ കുത്തേറ്റ ജയറാം അരമണിക്കൂറോളം റോഡിൽ രക്തം വാർന്നുകിടന്നു. ഗ്രാമ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ കുളനടയിലെ ഒരു വീട്ടിൽ ഉണ്ടെന്നറിഞ്ഞ് പൊലീസെത്തിയെങ്കിലും അതിനു മുമ്പേ ഇരുവരും അവിടെ നിന്ന് കടന്നു.ഇവിടെ നിന്ന് ലഭിച്ച വിവര പ്രകാരമാണ് കൊടുമൺ ഐക്കാട് പ്രദേശത്തെ താമസമില്ലാത്ത ബന്ധുവീട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്.