സമ്പർക്കം അതിരൂക്ഷം, ഇന്നലെ 200 കടന്ന് തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം

Thursday 23 July 2020 1:30 AM IST

തിരുവനന്തപുരം:സമ്പർക്കം അതിരുകടന്നതോടെ ഇന്നലെയും തലസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കും തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌ത 226 കേസുകളിൽ 190 പേർക്കും രോഗം പകർന്നത് സമ്പർക്കം വഴിയാണ്. ഉറവിടം അറിയാത്ത 15 കേസുകളുമുണ്ട്. ജില്ലയിലെ സമ്പർക്ക തോത് നിയന്ത്രണം വിട്ടതോടെ ജില്ലയിലാകെ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥിതി അതീവ ഗുരുതരമായതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

പാറശാല അടക്കമുള്ള അതിർത്തികളിൽ രോഗവ്യാപനം കൂടുന്നത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അടിമലത്തുറയിലും രോഗികൾ കുതിച്ചുയരുകയാണ്. നഗരസഭയിലെ നാലു കൗൺസിലർമാ‌ർക്കും ചാലയിലെയും കരിമഠത്തെയും ചുമട്ടുതൊഴിലാളികളും കച്ചവടക്കാരുമടക്കമുള്ള 15 പേർക്കും രണ്ടു ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ ആശങ്ക ഇരട്ടിയായി. സമ്പർക്കവും ഉറവിടവും അറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. ജില്ലയിലെ സമ്പർക്ക തോത് 94.4 ശതമാനമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ എ.എസ്.ഐക്കും സി.പി.ഒയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. തിരുവനന്തപുരം നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കീം പരീക്ഷയെഴുതിയ പൂന്തുറ സ്വദേശിയായ ഒരു വിദ്യാർത്ഥിക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. വിഴിഞ്ഞം ബി.എസ്.എൻ.എൽ സി.എസ്.സിയിൽ ഒരു ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രവർത്തനം താത്കാലികമായി നിറുത്തി ഓഫീസ് അടച്ചു. ഇതേ ഓഫീസിലുളള മറ്റൊരു ജീവനക്കാരന് സ്രവ പരിശോധന നടത്തിയിരുന്നെങ്കിലും രോഗമില്ലെന്ന് കണ്ടെത്തി. ചികിത്സാകേന്ദ്രങ്ങൾ നിറയുന്ന സാഹചര്യമേറിയതോടെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചും പ്രതിരോധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

24 മണിക്കൂർ കൺട്രോൾ റൂമുകൾ

സോൺ 1: സർക്കാർ അതിഥി മന്ദിരം, വർക്കല - 0470 -2602224
സോൺ 2: വെെ.എം.സി.എ ഹാൾ, ചാക്ക - 9188555019
സോൺ 3 : ന്യൂ ബസ്‌സ്റ്റാൻഡ്, പൂവാർ - 0471-2210644

നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം-20,496
വീടുകളിൽ-16,761
ആശുപത്രികളിൽ-2,485
കൊവിഡ് കെയർ സെന്ററുകളിൽ-1,250
പുതുതായി നിരീക്ഷണത്തിലായവർ- 1,362

66 പേരെ ഡിസ്ചാർജ് ചെയ്‌തു

ഫയർഫോഴ്സ് ഉദ്യോഗസ്ഥന് കൊവിഡ്

ജില്ലയിലെ ഒരു ഫയർഫോഴ്സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കൽച്ചൂള യൂണിറ്റിലെ ജീവനക്കാരനാണ് ഇന്നലെ പോസിറ്റീവായത്. ഇയാളുടെ ഉറവിടം വ്യക്തമല്ല. ഇയാളുമായി സമ്പർക്കമുണ്ടായ ഒരു ജീവനക്കാരൻ നിരീക്ഷണത്തിൽ പ്രവേശിച്ചു. ജീവനക്കാരെ പരിമിതപ്പെടുത്തിയതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഓഫീസിൽ എത്തിയിരുന്നില്ല.