മാസ്ക് പെട്രോളിൽ കഴുകൂ, കൊവിഡ് പറപറക്കും ! വിചിത്ര പരാമർശവുമായി ഫിലിപ്പീൻസ് പ്രസിഡന്റ്
മനില : പെട്രോൾ, ഡീസൽ തുടങ്ങിയവയാണ് ഫേസ്മാസ്ക് വൃത്തിയാക്കാൻ അനുയോജ്യം എന്ന വിവാദ പരാമർശവുമായി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട്. കഴിഞ്ഞ ദിവസം കൊവിഡ് വ്യാപനം തടയുന്നതിന് മാസ്ക് എങ്ങനെ സഹായിക്കുന്നു എന്നത് സംബന്ധിച്ച് നടന്ന ഒരു പ്രസംഗത്തിനിടെയായിരുന്നു പ്രസിഡന്റിന്റെ വിചിത്ര കണ്ടുപിടുത്തം. സംഭവം വിവാദമായതോടെ രാജ്യത്തെ ആരോഗ്യ വകുപ്പ് തിരുത്തലുമായി രംഗത്തെത്തുകയും ചെയ്തു.
' ഉപയോഗം കഴിയുമ്പോൾ മാസ്ക് എവിടെയെങ്കിലും തൂക്കിയിടുക. ലൈസോൾ അണുനാശിനി മാസ്കിലേക്ക് തളിക്കുക. ഇനി ലൈസോൾ വാങ്ങാൻ കഴിയാത്തവർ ആണെങ്കിൽ പെട്രോളിലോ ഡീസലിലോ നനച്ചെടുക്കുക. കുറച്ച് പെട്രോൾ എടുത്ത ശേഷം നിങ്ങളുടെ മാസ്കും കൈയ്യും അതിലേക്ക് മുക്കുക. ! ' ഇങ്ങനെയൊക്കെ ചെയ്താൽ കൊവിഡ് പമ്പകടക്കുമെന്നായിരുന്നു ഡ്യൂട്ടേർട്ട് അവകാശപ്പെട്ടത്.
പ്രസിഡന്റിന്റെ മണ്ടത്തരത്തിന് പിന്നാലെ രാജ്യത്തെ ആരോഗ്യ വകുപ്പ് വിശദീകരണവുമായെത്തുകയും ചെയ്തു. പ്രസിഡന്റ് തമാശയ്ക്കാണ് അങ്ങനെ പറഞ്ഞെതെന്നും ആരും ഇതിനെ ഗൗരവമായി കാണരുതെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ വിശദീകരണം. തുണി മാസ്കുകൾ എല്ലാ ദിവസവും കഴുകി വെയിലത്ത് ഉണക്കുകയാണ് വേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു. ഇതാദ്യമായല്ല ഡ്യൂട്ടേർട്ട് വിചിത്ര പരാമർശങ്ങൾ നടത്തുന്നത്. കൊവിഡ് ലോക്ക്ഡൗൺ ലംഘിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഏപ്രിലിൽ ഡ്യൂട്ടേർട്ട് പറഞ്ഞത്. നിലവിൽ 74,390 പേർക്കാണ് ഫിലിപ്പീൻസിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,871 പേർക്ക് ജീവൻ നഷ്ടമായി.