നിങ്ങളുടെ വീട് തെക്കോട്ട് നോക്കിയിട്ടാണോ, എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ
ഇത്രയും നാൾ പ്രതിപാദിച്ചത് അടിസ്ഥാനപരമായ വാസ്തുനിയമങ്ങളാണ്. ഇനി പറയാൻ പോകുന്നത് ഓരോ ദിശയിലേയ്ക്കും നോക്കുന്ന വീടുകളെപ്പറ്റിയാണ്. അത് ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ശരിയായ ദിശയിൽ വസ്തുവാങ്ങാനും അവിടെ വീട് വയ്ക്കാനും നിലവിലെ വീട്ടിൽ ദോഷമുണ്ടെങ്കിൽ അത് പരിഹരിക്കാനും ഇതുകൊണ്ട് കഴിയും. ആളുകളെ ഏറ്റവുമധികം പേടിപ്പിക്കുന്ന ദിക്കാണ് തെക്ക്. തെക്കോട്ട് നോക്കരുത്, തെക്കോട്ടിറങ്ങരുത് എന്നതൊക്കെ പണ്ടേ നാട്ടിലുളള ചില വിശ്വാസങ്ങളാണ്. അത് ശരി തന്നെ. പക്ഷേ തെക്കോട്ട് നോക്കുന്ന വീടുകൾ വയ്ക്കുന്നത് തെക്കുവശത്ത് റോഡായതിനാലാണ്. ശരിയായ വാസ്തു നോക്കി വച്ചാൽ യാതൊരു കുഴപ്പവുമില്ലായെന്ന് മാത്രമല്ല, രോഗങ്ങളും ദുരിതങ്ങളുമില്ലാതെ സുഖമായി തന്നെ കഴിയാനുമാവും. ദിക്കിനെപ്പറ്റി അതിന്റെ ശരിയായ വാസ്തു നിയമമറിയാതെ രാശി പറഞ്ഞ് പേടിപ്പിക്കുകയും അത് ജനനനക്ഷത്രവുമായി കൂട്ടിയിണക്കി ജനത്തെ പേടിപ്പിക്കുകയും ചെയ്യുകയാണ്. യഥാർത്ഥത്തിൽ ഒരാളുടെ ജാതകത്തിനും നക്ഷത്രത്തിനും ജനനത്തീയതിയ്ക്കുമൊന്നും വാസ്തുവുമായി യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയേണ്ടതാണ്.
വാസ്തു പച്ചയായ ഭൗതികശാസ്ത്രമാണ്. ഭൂമിയിൽ പ്രാപഞ്ചികമായുണ്ടാവുന്ന അദൃശ്യങ്ങളായ കോടാനുകോടി ഊർജകണങ്ങളാണ് എല്ലാ ജീവജാലങ്ങളുടെയും ഭൗതികജീവിതത്തെ ബാധിക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കാമത്. അപ്പോൾ ഊർജാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ തന്നെയാണ് ജീവിതത്തെ സാരമായി ബാധിക്കുന്നത്. തെക്കുനോക്കുന്ന വീടുകൾ വയ്ക്കുന്നത് ഒഴിവാക്കാൻ ചില അറിവുള്ളവർ തന്നെ പറയാറുണ്ട്. പക്ഷേ അറിവുളളവർ പറഞ്ഞത് തെക്കിൽ വീടുവയ്ക്കുമ്പോൾ ശരിയായി വാസ്തു നോക്കി വയ്ക്കണമെന്നാണ്. അതുതന്നെയാണ് ശരിയും. വീടിന്റെ തെക്കുവശത്ത് റോഡ് വരുമ്പോഴാണല്ലോ തെക്കു നോക്കി വീട് വയ്ക്കേണ്ടത്, തെക്കോട്ട് നിൽക്കുന്ന വീടിന്റെ പ്രധാനവാതിൽ തെക്കിൽ തന്നെ വേണം. തെക്ക് പടിഞ്ഞാറോ തെക്ക് കിഴക്കോട്ടോ ആയാൽ അത് ദോഷമുണ്ടാക്കും. തെക്കിൽ വയ്ക്കുന്ന വാതിലിന് നേർ വടക്കുഭാഗത്തായി മറ്റുമുറികളുടെ വാതിൽ വരുകയും വേണം. ജനാലയല്ല, വാതിൽ തന്നെയാണ് വയ്ക്കേണ്ടത്. ഇത് പേരിനും പ്രശസ്തിക്കും ഉയർന്ന ജീവിതത്തിനും ഇടയാക്കും. സിറ്റൗട്ട് ഉണ്ടെങ്കിൽ അത് യാതൊരു കാരണവശാലും തള്ളി നിൽക്കുകയുമരുത്. വീടിന്റെ ഗേറ്റിന്റെ വാതിലും നേർ തെക്കു തന്നെയാവണം. കിഴക്കോട്ട് വാതിൽ വച്ചാൽ വഴക്കും കേസുകളും ആശുപത്രി വാസവും ഫലങ്ങളാവും. തെക്കുപടിഞ്ഞാറ് യാതൊരു വിധത്തിലും ഗേറ്റോ വാതിലോ വയ്ക്കാനും പാടില്ല. കാർ പോർച്ചുകൾ വീടിനോട് ചേർത്ത് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. വീട് വിട്ട് ചെയ്യണമിത്. തെക്കോട്ട് ദർശനമുളള വീടിന്റെ അടുക്കള വടക്ക് പടിഞ്ഞാറിൽ വയ്ക്കാം. തെക്കുകിഴക്കിൽ സ്ഥലമില്ലെങ്കിൽ മാത്രമേ ഇതു ചെയ്യാവൂ. തെക്കുപടിഞ്ഞാറ് റോഡ് നോക്കി വന്നാൽ ഉയരത്തിലും കനത്തിലും മതിൽ കെട്ടണം. ടാങ്കുകളോ കുഴികളോ ഈ ഭാഗത്തുണ്ടെങ്കിൽ ഒഴിവാക്കണം. തെക്കുവശത്തും പടിഞ്ഞാറുവശത്തും അധികസ്ഥലം ഉണ്ടാവുന്നത് ഒഴിവാക്കണം. റോഡ് വന്നു കയറിയാലും നോട്ടം മാറുന്നവിധത്തിൽ വീട് ക്രമപ്പെടുത്താം. റോഡ് തെക്കുകിഴക്ക് 270 ഡിഗ്രിക്കുമേൽ ചരിവായി വരികയാണെങ്കിൽ പരമാവധി അവിടുന്നുളള വീട്ടിലേയ്ക്കുള്ള നോട്ടവും ഒഴിവാക്കണം. തെക്കും പടിഞ്ഞാറും മതിലിൽ ഫാഷനുവേണ്ടിയുളളതും തുറന്നുകിടക്കുന്നതുമായ പ്രവൃത്തികൾ ഒഴിവാക്കണം.