ഗംഗയുടെ മൺശില്പം
വിമുക്തഭടന്മാർ സാധാരണ ദേശഭക്തി, ദേശസ്നേഹം എന്നിവയെക്കുറിച്ചാണ് വാചാലരാകുക. സൈനിക സേവനം നടത്തുന്നവർ സ്വന്തം പ്രാണനും ചോരയും ശത്രുവിനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങളായി കാണുന്നു. സ്വന്തം ജീവിതത്തിലെ ലാഭനഷ്ടങ്ങളൊന്നും പോരാട്ടവേളയിൽ അവരെ ബാധിക്കാറില്ല. വിരമിച്ച് നാട്ടിലെത്തിയാലും ദേശഭക്തിയുള്ള ബ്ലഡ് ഗ്രൂപ്പാണ് അവർക്കുള്ളത്.
അനിൽകുമാർ എന്ന വിമുക്തഭടൻ പൊന്മുടിപ്പുഴയെക്കുറിച്ച് പറയുമ്പോഴും വാചാലമാകും. പുഴയോരത്താണ് കുടുംബവീട്. പുഴയിൽ കുളിച്ച്കയറിയ ബാല്യകൗമാരമാണ് അനിലിനുള്ളത്. പട്ടാളത്തിൽ ചേരും വരെ അതായിരുന്നു ശീലം. ജോലിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചു. ഗംഗയും യമുനയും ബ്രഹ്മപുത്രയും സത്ലജും കണ്ടു. അതിലെല്ലാം അയാൾ പൊന്മുടിപ്പുഴയെത്തന്നെയാണ് ദർശിച്ചതും. ഇടയ്ക്ക് ലീവിന് വരുമ്പോഴും പുഴയിലെ കുളി മുടക്കിയില്ല. ഒരു ഗ്രാമീണ യുവതിയുടെ വശ്യത പൊന്മുടിപ്പുഴയ്ക്ക് ഉള്ളതുപോലെ തോന്നും. അല്പസമയം പുഴയോരത്തെ പാറപ്പുറത്ത് കാറ്റുകൊണ്ടിരിക്കുമ്പോൾ ജീവിതപ്രാരാബ്ധങ്ങൾ മറന്ന് പോകും. പൊന്മുടിപ്പുഴയുമായി ബന്ധപ്പെട്ട ഓർമ്മകൾ അയവിറക്കും. അകാലത്തിൽ പൊലിഞ്ഞവർ, മണ്ണടിഞ്ഞെങ്കിലും മനസിൽ നിന്നും മാഞ്ഞുപോകാത്തവർ. കൊടുത്തതിന്റെ എത്രയോ ഇരട്ടിസ്നേഹവും കരുതലും തിരിച്ചു നൽകുന്ന സമ്പന്നതയാണ് ഗ്രാമത്തിന്റെ ജീവനാഡിയായ പുഴയെന്ന് അനിൽ സുഹൃത്തുക്കളോട് പറയാറുണ്ട്.
സർവീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയിട്ടും പുഴയിലെ കുളി മുടക്കിയില്ല. വീട്ടിൽതന്നെ രണ്ടുമൂന്ന് കുളിമുറികളുണ്ടല്ലോ പിന്നെന്തിനാണ് പുഴയോടിത്ര പ്രേമം? ഭാര്യയുടെ നീരസം അനിൽ കേട്ടതായി ഭാവിച്ചില്ല. രണ്ടാഴ്ച കഴിഞ്ഞ് ചെവിക്ക് ഒരു വേദന വന്നപ്പോൾ ഡോക്ടറെ കാണിച്ചു. കുളിയുടെ കാര്യം ഡോക്ടർ തിരക്കി. പുഴയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഒരാഴ്ചവീട്ടിൽ നിന്ന് കുളിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. സങ്കടത്തോടെ അനിൽ പൊന്മുടിപ്പുഴയുടെ കോലം ശ്രദ്ധിച്ചു. ശരിയാണ്... പുഴയ്ക്ക് വാർദ്ധക്യം ബാധിച്ചപോലെ. കുളിക്കാനും നനയ്ക്കാനും ആരും വരുന്നില്ല. രാവും പകലും മണലൂറ്റ് തകൃതിയായി നടക്കുന്നു. പുഴയുടെ വേഷവും ഭാവവും മുഷിഞ്ഞിരിക്കുന്നു.
ഇടയ്ക്ക് ഉത്തരേന്ത്യയിൽ പോയിവന്നപ്പോൾ രണ്ട് മൺശില്പങ്ങൾ അനിൽ കൊണ്ടുവന്നു ഗംഗാമാതാവിന്റെ ശില്പങ്ങൾ. ഒന്ന് തന്റെ പുഴവക്കിലെ പാറപ്പുറത്തും മറ്റൊന്ന് അല്പം അകലെ മറ്റൊരു പാറപ്പുറത്തും പ്രതിഷ്ഠിച്ചു. തുളസിപ്പൂമാല ഇടയ്ക്കിടെ രണ്ട് വിഗ്രഹങ്ങളിലും ചാർത്തി പ്രാർത്ഥിച്ചു. പൊന്മുടിപ്പുഴയിൽ ഗംഗയുടെ ചൈതന്യമുണ്ടെന്ന് പലരോടും പറഞ്ഞു. അതോടെ പുഴയിൽ പരിസരവാസികൾ മാലിന്യം വലിച്ചെറിയുന്നത് നിന്നു. ആളുകൾ കുളിക്കാൻ ഇടയ്ക്കിടെ വരുന്നതിനാൽ മണലൂറ്റുകാരും മറ്രെവിടേക്കോ പോയി.
ഇപ്പോൾ അനിൽ നിത്യവും പൊന്മുടിപ്പുഴയിൽ കുളിക്കും. ഗംഗാമാതാവിനെ സ്തുതിക്കും. പരിസരം തെളിഞ്ഞതോടെ ദേശാടനപ്പക്ഷികളും വന്നുതുടങ്ങി. പുഴയ്ക്ക് വീണ്ടും ചന്തം വച്ചതോടെ സീരിയൽ ഷൂട്ടിംഗുകാരും ഇടയ്ക്കിടെ വരും. ഗംഗാദേവിയെ കൂട്ടുപിടിച്ചാണെങ്കിലും അനിലിന്റെ ഒറ്റയാൾ വിപ്ലവം ഫലം കണ്ടുവെന്ന് ഉറ്റസുഹൃത്തുക്കൾ അടക്കം പറഞ്ഞു.
ഓരോ തുള്ളിയിലും ഗംഗയുണ്ട്. മഴത്തുള്ളിയിലും കണ്ണീരിലും വിയർപ്പിലുമെല്ലാം. മുത്തശ്ശിയുടെ വാക്കുകൾ ഓർത്തിരിക്കെ പൊന്മുടിപ്പുഴയിലൂടെ ചുവന്നപട്ടുപോലെ മുരിക്കിൻ പൂക്കുല ഒഴുകി വന്നു. അതൊരുപക്ഷേ ഗംഗയ്ക്കുള്ള അർച്ചനയാകാം. പാറപ്പുറത്തെ ഗംഗാമാതാവിന്റെ ശില്പം പുഞ്ചിരിക്കുന്നതുപോലെ അനിലിന് തോന്നി. അനിലും അറിയാതെ ചിരിച്ചുപോയി.
(ഫോൺ : 9946108220)