നവീകരിച്ച ശ്രീപാദം സ്റ്റേഡിയം പുതുവർഷ സമ്മാനം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ നിർമ്മാണം വിലയിരുത്താൻ ബി. സത്യൻ എം.എൽ.എ എത്തിയപ്പോൾ
ആറ്റിങ്ങൽ: പുനർനിർമ്മാണം അവസാന ഘട്ടത്തിലെത്തിയ ശ്രീപാദം സ്റ്റേഡിയം പുതുവർഷ സമ്മാനമായി സമർപ്പിക്കുമെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ അദ്ദേഹം സ്‌റ്റേഡിയത്തിലെത്തി. ദേശീയ നിലവാരത്തിലുള്ള ഫുട്ബാൾ ഗ്രൗണ്ട് ഏകദേശം പൂർത്തിയായിട്ടുണ്ട്. സിന്തറ്റിക്ക് ട്രാക്ക്, ഗ്രൗണ്ടിന് ഇരുഭാഗത്തുമായി വിവിധ മത്സരങ്ങൾ നടത്താൻ കഴിയുന്ന ' D ' സർക്കിൾ എന്നിവയുടെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ജാവലിൻ, ഹാർമർ, ഷോട്ട്പുട്ട്, പോൾവാട്ട്, ഹൈജമ്പ്, ലോംഗ് ജമ്പ്, ട്രിപ്പിൾ ചെയ്സ് തുടങ്ങിയ മത്സരങ്ങൾ സ്റ്റേഡിയത്തിന്റെ ഇരുഭാഗത്തും നടത്താൻ കഴിയും. ഒരേസമയം രണ്ട് സർക്കിളിലായി മത്സരം നടത്താൻ കഴിയുന്ന സൗകര്യമുള്ള ശ്രീപാദം സ്റ്റേഡിയം ഇനി ദേശീയ, അന്തർദ്ദേശീയ മത്സരങ്ങൾക്ക് വേദിയാകും.കായിക വകുപ്പിന്റെ കീഴിൽ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ ആധുനിക സൗകര്യമുള്ള സ്റ്റേഡിയമാക്കി ഉയർത്തുകയാണ് ലക്ഷ്യം. കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്‌ത് വേഗം നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.എം.എൽ.എയോടൊപ്പം ശ്രീപാദം സ്റ്റേഡിയം കെയർട്ടേക്കർ ഷാജി, കായിക അദ്ധ്യാപകൻ ബൈജു എന്നിവരും ഉണ്ടായിരുന്നു.