തിയേറ്ററുകളിൽ തെളിയുന്നത് പ്രതിസന്ധിയുടെ നിഴൽ

Saturday 25 July 2020 9:30 PM IST

കിളിമാനൂർ: കൊവിഡ് വ്യാപനത്തിനിടെ ജില്ലയിലെ തിയേറ്ററുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിൽ. ലോക്ക് ഡൗണിനെ തുടർന്ന് സിനിമാ പ്രദർശനം നിലച്ചതാണ് തിയേറ്റർ ഉടമകളെയും അനുബന്ധ ജീവനക്കാരെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നത്. മുൻപ് ജില്ലയിൽ നൂറോളം തിയേറ്ററുകളാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്നത് അമ്പതിൽ താഴെ മാത്രമാണ്. സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് പല തിയേറ്ററുകൾക്കും തിരിച്ചടിയായത്. ഇതോടെ സിനിമാ പ്രദ‍ർശനം അവസാനിപ്പിച്ച് ഇന്ന് കല്യാണ മണ്ഡപങ്ങളും സമ്മേളന വേദികളുമായി മാറുകയായിരുന്നു. സിനിമകൾ റിലീസായി അന്നുതന്നെ വ്യാജപതിപ്പുകൾ വൈബ്സൈറ്റുകളിൽ എത്തുന്നതും തിയേറ്റർ വ്യവസായത്തെ നഷ്ടത്തിലേക്ക് തള്ളിവിട്ടു.

ഈ പ്രതിസന്ധികൾക്കിടയിലും അരിഷ്ടിച്ച് പ്രവർത്തനം നടത്തിയിരുന്ന സിനിമാ കൊട്ടകൾക്ക് കനത്ത തിരിച്ചടിയായി കൊവിഡും ലോക്ക് ഡൗണും വിരുന്നെത്തി.

വലിയ തിയേറ്ററുകളിൽ 20 മുതൽ 25 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചെറിയ തിയേറ്ററുകളിൽ 10-15 ജീവനക്കാരും. പോസ്റ്ററൊട്ടിച്ചും തിയേറ്രർ പ്രവർത്തിക്കുന്ന കോംപ്ളക്സിനുള്ളിൽ ചെറിയ കച്ചവടം നടത്തിയും ജീവിക്കുന്നവർ വേറെ. ഇവരെല്ലാം ഇന്ന് വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. ഇളവുകൾ വന്ന് വീണ്ടും സിനിമാ പ്രദർശനം ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഇവരൊക്കെ.

ഉടമകളുടെ നഷ്ടം എങ്ങനെ തീരും....

ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തിയേറ്റർ ഉടമകൾ അനുഭവിക്കുന്നത്. പ്രവർത്തനമില്ലെങ്കിലും വൈദ്യുതി ചാർജ്,​ മറ്റ് നികുതികൾ എന്നിവ അടച്ചേ തീരൂ. 40000 രൂപയാണ് തിയേറ്ററുകളുടെ ഫിക്സഡ് ചാർജായി കെ.എസ്.ഇ.ബി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 25 ശതമാനം ഇളവ് മാത്രമാണ് സർക്കാർ നിലവിൽ നൽകിയിട്ടുള്ളത്. പ്രദ‍ർശനമില്ലെങ്കിലും തിയേറ്റർ പൂർണമായും അടച്ചിടാൻ ഉടമകൾക്ക് സാധിക്കില്ല. രണ്ട് ദിവസത്തിൽ ഒരിക്കലെങ്കിലും പ്രൊജക്ടറും ജനറേറ്ററും പ്രവർത്തിപ്പിച്ചില്ലെങ്കിൽ ഇവയ്ക്ക് കേടുപാടുകൾ സംഭവിക്കും. ഇത് മറികടക്കുന്നതിന് കാണികളില്ലെങ്കിലും സിനിമ പ്രദർശിപ്പിക്കണം. ഭീമമായ തുകയാണ് ഇത്തരത്തിൽ വൈദ്യുതി ചാർജിനും മറ്റ് ചെലവുകൾക്കുമായി വേണ്ടിവരുന്നത്. എത്തുന്ന ജീവനക്കാർക്ക് ശമ്പളമായി നൽകേണ്ട പണവും കണ്ടെത്തണം. ലക്ഷങ്ങൾ ലോണെടുത്ത് തിയേറ്റുകൾ ആരംഭിച്ച ഉടമകൾ തിരിച്ചടവുപോലും മുടങ്ങിയ അവസ്ഥയിലാണ്.

ജില്ലയിലെ തിയേറ്ററുകൾ:

തിരുവനന്തപുരം: 10

കാട്ടാക്കട: 2

വെഞ്ഞാറമൂട്: 1

കഴക്കൂട്ടം: 2

കളിയിക്കാവിള: 2

ആറ്റിങ്ങൽ: 4

നെടുമങ്ങാട്: 3

വർക്കല: 3

തിയേറ്റർ കോംപ്ലക്സുകൾ: 4

ബി ക്ലാസ് തിയേറ്ററുകൾ: 4

താഴുവീണിട്ട് 4 മാസത്തിലേറെ

വലിയ തിയേറ്റുകളിൽ: 25 ജീവനക്കാ‌ർവരെ

ചെറിയ തിയേറ്ററുകളിൽ: 10-15

കെ.എസ്.ഇ.ബിക്ക് ഫിക്സഡ് ചാർജ് നൽകണം

പ്രദർശനമില്ലെങ്കിലും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കണം

പ്രതിമാസം ആയിരങ്ങളുടെ നഷ്ടം

ഉടമകളുടെ വായ്പാ തിരിച്ചടവ് മുടങ്ങി

അനുബന്ധ ജീവനക്കാരുടെ തൊഴിലും നഷ്ടമായി