ക്ലാസുകൾ ഓൺലൈനാണോ? എങ്കിൽ അമേരിക്കയിലേക്ക് വരണ്ട

Saturday 25 July 2020 10:10 PM IST

വാഷിംഗ്ടൺ: ക്ലാസുകൾ പൂർണമായും ഓൺലൈനായിട്ടാണ് നടത്തുന്നതെങ്കിൽ വിദേശത്ത് നിന്ന് പുതുതായി വിദ്യാർത്ഥികൾ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന്‌ അമേരിക്കൻ ഭരണകൂടം. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം കൊവിഡ് സാഹചര്യത്തിൽ വിദേശ പൗരന്മാർക്കുള്ള വിസകൾ താത്‌കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദ്യാർത്ഥികൾ രാജ്യം വിടണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരേ നേരത്തെ ഹാർവാർഡ് സർവകലാശാല, എം.ഐ.ടി, അദ്ധ്യാപക യൂണിയൻ എന്നിവ കോടതിയെ സമീപിച്ചിരുന്നു. ഇതിന് ശേഷം ഈ ഉത്തരവ് ജൂലായ് 14ന് പിൻവലിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഭൂരിഭാഗം സർവകലാശാലകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.