അഴിമതി പുറത്തുകൊണ്ടുവന്നതിന് രമേശിനോട് പക: ഉമ്മൻചാണ്ടി

Sunday 26 July 2020 12:26 AM IST

തിരുവനന്തപുരം: അഴിമതിയിലും സ്വർണക്കടത്ത് കേസിലും മുഖം നഷ്ടപ്പെട്ട പിണറായി സർക്കാരിന്റെ ദയനീയാവസ്ഥയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള വില കുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി ആരോപിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് എ.കെ.ജി സെന്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ എല്ലാക്കാലത്തും ഉറച്ച നിലപാടെടുത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയപ്രസ്ഥാനം കോൺഗ്രസ് മാത്രമാണെന്ന് കോടിയേരി മറക്കരുത്.

സമീപകാലത്ത് സ്പ്രിൻക്ലർ, ബെവ്‌കോ, ഇ-മൊബിലിറ്റി അഴിമതികൾ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനോടുള്ള സി.പി.എമ്മിന്റെ പക മനസിലാക്കാവുന്നതേയുള്ളൂ. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ തന്ത്രവും ജനങ്ങൾക്ക് മനസിലാകുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.