സി.പി.എം കേന്ദ്രകമ്മിറ്റി തുടങ്ങി
Saturday 25 July 2020 10:31 PM IST
ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ സമ്മർദ്ദത്തിലായിരിക്കെ രണ്ടുദിവസത്തെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തുടങ്ങി. കൊവിഡ് മൂലം വീഡിയോകോൺഫറൻസ് വഴിയാണ് യോഗം നടക്കുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഏതാനും കേന്ദ്രകമ്മിറ്റി അംഗങ്ങളും എത്തിയപ്പോൾ കേരളത്തിലെ അടക്കം നേതാക്കൾ വീഡിയോകോൺഫറൻസ് വഴി പങ്കു ചേർന്നു.
അജണ്ടയിൽ ഇല്ലെങ്കിലും സ്വർണക്കടത്ത് കേരളസർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചന. സംസ്ഥാന ഘടകം സമർപ്പിക്കുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണമുനയിലാക്കിയ സാഹചര്യങ്ങൾ വിശദീകരിക്കുന്നുണ്ടെന്നും അറിയുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണ നൽകിയ കേന്ദ്ര നേതൃത്വം അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരട്ടെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.