14 കാരി പ്രസവിച്ചു; അറസ്റ്റിലായത് സഹോദരീ ഭർത്താവ്,

Sunday 26 July 2020 1:34 AM IST

തിരുച്ചിറപ്പള്ളി: 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണി, പിന്നീട് വിവാഹം കഴിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ. മയിലാടുതുറൈ സ്വദേശിയായ 24 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. വിവാഹത്തിന് കൂട്ട് നിന്ന കുട്ടിയുടെ അമ്മയായ 48 വയസുകാരിയെയും കസ്റ്റഡിയിലെടുത്തു.

19 നാണ് പെൺകുട്ടി മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ ചോദ്യംചെയ്തപ്പോഴാണ് സത്യം പുറത്തായത്. ഏഴാംക്ലാസിൽ പഠിത്തം നിറുത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്ത സഹോദരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചത്.

പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞെങ്കിലും പരാതിപ്പെട്ടില്ല. പകരം 14 വയസുകാരിയെ മരുമകന് വിവാഹം ചെയ്തുനൽകി. പീഡനവിവരം രഹസ്യമാക്കിയതിനും ശൈശവവിവാഹം നടത്തിയതിനുമാണ് അമ്മയ്ക്കെതിരേ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയേയും കുഞ്ഞിനെയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റും.