ആയുര്‍വേദ മരുന്നുകള്‍ കഴിച്ച് രോഗം ഭേദമായെന്ന് വിശാൽ; ആശയക്കുഴപ്പത്തിൽ ആരാധകർ
ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ താരം വിശാലിന് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിവരങ്ങളെ തുടര്‍ന്നാണ് താരം കൊവിഡ് ചികിത്സയിലായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കൊവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
'പിതാവിന് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ തനിക്കും മാനേജര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ജലദോഷം, ചുമ, പനിയുടെ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെട്ടിരുന്നു. പിന്നാലെ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ മാറുകയും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്തു' എന്നാണ് വിശാല്‍ വ്യക്തമാക്കിയത്. പോസ്റ്റില്‍ കൊവിഡ് എന്ന് പരാമര്‍ശിക്കാതിരിക്കുകയും 'പോസിറ്റീവ്' എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തതാണ് സംശയമുണ്ടാക്കുന്നത്.
ഇതോടെ വിശാലിന് കൊവിഡ് ബാധിച്ചിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.ആയുര്‍വേദ മരുന്ന് കഴിച്ച് ഒരാഴ്ചകൊണ്ട് ആരോഗ്യം വീണ്ടെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൊവിഡിനെതിരേ ആയുര്‍വേദ മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയുര്‍വേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന അവകാശവാദവുമായി വിശാല്‍ രംഗത്ത് എത്തിയത്.വിശാലിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.