ഈ തരിശിൽ ഇനി പൊന്നുവിളയും

Monday 27 July 2020 12:05 AM IST
തരിശായിക്കിടന്ന താവോട്ട് വയൽ കൃഷിയോഗ്യമാക്കിയപ്പോ‌ൾ

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് പുല്ലുപ്പി കോട്ടാഞ്ചേരി ക്ഷേത്ര സംരക്ഷണ സമിതിയുടെ മുന്നേക്കർ തരിശുഭൂമിയിൽ നെൽ കൃഷി ചെയ്ത് യുവാക്കളുടെ മാതൃക. വെണ്ടോട് പാടശേഖരത്തിൽപ്പെടുന്ന താവോട്ട് വയലിലാണ് കൃഷി തിരിച്ചുപിടിച്ചത്. വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലത്ത് കാടുപിടിച്ച നിലയിലായിരുന്നു.

കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്ത ജ്യോതി എന്ന സങ്കരയിനം വിത്താണ് ഉപയോഗിച്ചത്. കൊവിഡ് കാരണം വിദേശത്തേക്ക് മടങ്ങിപോക്ക് അസാധ്യമായ പി.ടി. സ്മിതേഷ്, കണ്ണാടിപ്പറമ്പ് ഹാർ കാർസ് ഉടമയായ കെ.വി.അനൂപ് എന്നിവർ ചേർന്ന സംഘമാണ് കൃഷിക്ക് തുടക്കം കുറിച്ചത്. ഇവർക്ക് വെണ്ടോട് പാടശേഖര സമിതിയുടെ പ്രവർത്തകരായ പവിത്രൻ കണ്ണാടിപ്പറമ്പ്, മനോജ്, ക്ഷേത്ര സംരക്ഷണ സമിതി എന്നിവരുടെ സഹായവും ലഭിച്ചതോടെ ഇരുപതോളം വരുന്ന വയലുകൾ ഹരിതാഭമായി.

താവോട്ട് വയലിൽ രണ്ടാം വിളയ്ക്കും ക്ഷേത്രത്തിനു കീഴിൽ തരിശ്ശായി കിടക്കുന്ന മറ്റുസ്ഥലങ്ങളിലും കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കൾ. ജൈവ പച്ചക്കറി, ഓണത്തിന് ഒരു കുട്ടപ്പൂവ് എന്നീ പരിപാടികളിലൂടെ കൃഷിയിൽ കൂടുതൽ സമയംകണ്ടെത്താനുള്ള ശ്രമത്തിലാണിവർ. തമിഴ് നാട്ടുകാരായ തൊഴിലാളികൾ നാട്ടിപ്പണിക്കെത്തിയതോടെ മണിക്കൂറുകൾ കൊണ്ടാണ് പണി പൂർത്തിയായത്. വർഷങ്ങളായി കൃഷിയിറക്കാത്തതിനാൽ ഏറെ നേരം ട്രാക്ടർ കൊണ്ട് ഉഴുതാണ് കൃഷിയിടത്തെ പുനരുജ്ജീവിപ്പിച്ചത്.