5 ഗർഭിണികൾക്ക് കൂടി കൊവിഡ്, മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ച് ഗർഭിണികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേരുടെ പ്രസവം നടന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അറിയിച്ചു. നേരത്തെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ കൊവിഡ് രോഗികളായ ഗർഭിണികൾക്ക് മാത്രമായിരിക്കും ചികിത്സ. ഈ വിഭാഗത്തിലെ മറ്റു രോഗികൾക്ക് ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഏർപ്പെടുത്തും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യുന്ന രോഗികൾക്ക് ചികിത്സ നൽകുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണമുണ്ട്. ഒരാഴ്‌ത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തിക്കില്ല. കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിയവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരം നൽകണമെന്നും സൂപ്രണ്ട് അറിയിച്ചു.