ബലിപെരുന്നാൾ ആഘോഷം ചുരുക്കും
തൃശൂർ: ബലി പെരുന്നാൾ ആഘോഷം ചുരുക്കാൻ മതനേതാക്കളുടെ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 30ലെ ബലിപെരുന്നാൾ ആഘോഷച്ചടങ്ങുകൾ പ്രതീകാത്മകമായും നിയന്ത്രണം പാലിച്ചും സംഘടിപ്പിക്കാനാണ് കളക്ടറേറ്റിൽ ചേർന്ന മതനേതാക്കളുടെ യോഗം തീരുമാനിച്ചത്. പെരുന്നാൾ ദിനത്തിൽ കണ്ടെയ്ൻമെന്റ് സോൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ പള്ളികളിൽ ആഘോഷച്ചടങ്ങ് ഉണ്ടാകില്ല.
പള്ളികളിലെ നമസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കഴിയുന്നത്ര ചുരുക്കാൻ യോഗത്തിൽ ധാരണയായി. നഗരത്തിലെ പള്ളികളിൽ അതത് മഹല്ലുകളിൽ നിന്നുള്ളവരെ പാസ് നൽകി മാത്രം പ്രവേശിപ്പിക്കും. ബലിയറുക്കൽ ചടങ്ങ് കഴിയുന്നത്ര പള്ളികളിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത്, കെ.എൻ.എം ഉൾപ്പെടെയുള്ള സംഘടനാ പ്രതിനിധികൾ അറിയിച്ചു. മന്ത്രി എ. സി മൊയ്തീൻ യോഗത്തിൽ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഡെപ്യൂട്ടി കളക്ടർ എം. സി. റെജിൽ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി. യു. അലി, പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ഫൈസി തുടങ്ങിയവർ പങ്കെടുത്തു.