ഉത്തരകൊറിയയിൽ കൊവിഡ് രോഗമെന്ന് സംശയം: അതിർത്തി പൂട്ടി കിം ♦ രാജ്യത്ത് കൊവിഡ് രോഗബാധ സംശയം ആദ്യം

Sunday 26 July 2020 10:15 PM IST

പ്യോഗ്യാംഗ്: രാജ്യത്ത് ആദ്യത്തെ കൊറോണ വൈറസ് ബാധാ സംശയത്തെ തുടർന്ന് ഉത്തര കൊറിയൻ അതിർത്തി പട്ടണമായ കേസോംഗിൽ ലോക്ഡൗൺ ഏർപ്പെടുത്തി. കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ ഭരണാധിപതി കിം ജോംഗ് ഉൻ കഴിഞ്ഞദിവസം അടിയന്തര പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചു ചേർത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയതായി ഔദ്യോഗിക വാർത്താ ഏജൻസി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ഇപ്പോൾ നിരീക്ഷണത്തിലുള്ള ആൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചാൽ,​ ഉത്തരകൊറിയയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ കൊവിഡ് കേസായിരിക്കും ഇത്.

അതേസമയം,​ രോഗലക്ഷണങ്ങളുള്ള വ്യക്തി ദക്ഷിണകൊറിയയിൽ നിന്ന് അനധികൃതമായി അതിർത്തി കടന്നെത്തിയ ആളാണ്. ജൂലായ് 19 ന് മടങ്ങിയെത്തിയ ഇയാൾ മൂന്ന് കൊല്ലം മുമ്പാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ഇയാളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കൊവിഡ് വ്യാപനം തുടരുമ്പോഴും ഉത്തരകൊറിയയിൽ ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കൊവിഡ് പോലെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള മെഡിക്കൽ സജ്ജീകരണങ്ങൾ രാജ്യത്ത് അപര്യാപ്തമാണെന്ന കാര്യം അധികൃതരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

ഉത്തരകൊറിയയുടെ പ്രതിരോധം

♦ ജനുവരിയിൽ തന്നെ രാജ്യാതിർത്തികൾ അടച്ചിട്ടു

♦ ആയിരക്കണക്കിനാളുകൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തി

♦ അതിർത്തി അടച്ചിടൽ ഉൾപ്പെടെ ഇപ്പോഴും തുടരുന്ന നിയന്ത്രണങ്ങൾ