കൊവിഡ് വ്യാപനം രൂക്ഷം: ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ

Sunday 26 July 2020 10:17 PM IST

മസ്കറ്റ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിൽ രാജ്യ വ്യാപക ലോക്ഡൗൺ നിലവിൽ വന്നു. രാജ്യം മുഴുവൻ 15 ദിവസം അടച്ചിടാനാണ് ഒമാൻ സുപ്രീം കമ്മറ്റിയുടെ തീരുമാനം.

ഇന്നലെ രാത്രി ഏഴോടെ സുൽത്താൻ സായുധ സേനയും റോയൽ ഒമാൻ പൊലീസും ചേർന്ന് ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളും അടച്ചു. ആഗസ്റ്റ് എട്ട് വരെ രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ എല്ലാ ഗവർണറേറ്റുകളിലും പൂർണമായ സഞ്ചാരവിലക്കും ഉണ്ടാകും. രാത്രിയിൽ കാൽനടയാത്ര അനുവദനീയമല്ല.

ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. സൂപ്പർമാർക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളുമെല്ലാം പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി എമർജൻസി സേവനങ്ങൾ, അത്യാവശ്യ ഉത്പന്നങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ടിക്കറ്റ് അടക്കം രേഖകൾ കാണിച്ചാൽ യാത്ര അനുവദിക്കും. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 76000 കവിഞ്ഞു. 384 ആണ് മരണം.