ഹോട്ടലിൽ കയറി മർദ്ദനം: എ.എസ്.ഐ അറസ്റ്റിൽ

Monday 27 July 2020 12:34 AM IST

പീരുമേട് : മദ്യലഹരിയിൽ ഹോട്ടലിൽ കയറി ജീവനക്കാരനെ മർദിക്കുകയും സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘത്തെ അസഭ്യം പറയുകയും ചെയ്ത എ.എസ്.ഐ. അറസ്റ്റിൽ.കുട്ടിക്കാനം എ.ആർ ക്യാപിലെ എ.എസ്.ഐ.സതീശൻ (49) നെയാണ് പീരുമേട് പൊലീസ് പിടികൂടിയത്.

എ.എസ്.യുടെ അടിയേറ്റ ഹോട്ടൽ ജീവനക്കാരൻ പള്ളിക്കുന്നു പോത്തുപ്പാറ സ്വദേശി മഹേഷ് (25)നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച വൈകിട്ട് ആറ്മണിയോടെയാണ് കുട്ടിക്കാനം ജംഗ്ഷനിൽ സംഭവം.ഭക്ഷണംം കഴിക്കാൻ ഹോട്ടലിൽ കയറിയ ഇയാൾ ഇവിടെ ബഹളം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന ഹൈവേ പൊലീസ് സംഘം എത്തിയതോടെ ഇവർക്ക് നേരെ അസഭ്യ വർഷം. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രിയിലും ഇയാൾ ബഹളം കൂട്ടി.ഇതിനിടെ അന്വേഷണത്തിനെത്തിയ പീരുമേട് സി.ഐ.യെയും ആക്ഷേപിച്ചു.ഇതോടെ പൊലീസ് അറസ്റ്റ് ചെയ്തു.