പട്ടം താണുപിള്ളയുടെ ചരിത്രം
പട്ടം താണുപിള്ള മൺമറഞ്ഞിട്ട് ഇന്ന് 50 വർഷം
...............
തിരുവിതാംകൂറിലെ ആദ്യ ജനകീയ പ്രധാനമന്ത്രിയും തിരുകൊച്ചിയുടെയും കേരളത്തിന്റെയും മുഖ്യമന്ത്രിയാവുകയും ചെയ്ത പട്ടം താണുപിള്ളയുടെ ചരിത്രം പുതിയ രാഷ്ട്രീയ വിദ്യാർത്ഥികൾ പാഠമാക്കേണ്ടതാണ്. 1885ൽ തിരുവനന്തപുരം പട്ടത്തെ ഒരു അഭിജാതമായ കുടുംബത്തിൽ ജനനം. അന്നത്തെ തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് കെമിസ്ട്രി ഐച്ഛികമായെടുത്ത് ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ അദ്ധ്യാപകനായി. ഇതിലൂടെ ആർജിച്ച 'താണുപിള്ള സാർ" എന്ന വിളിപ്പേര് രാഷ്ട്രീയജീവിതത്തിലുടനീളം സ്ഥിരമായി. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് സർക്കാർ കൃഷിവകുപ്പിൽ ഉദ്യോഗസ്ഥനായി എങ്കിലും തന്റെ സ്വാതന്ത്ര്യ സമരവാഞ്ചയാൽ അദ്ദേഹം അതുപേക്ഷിച്ചു അഡ്വക്കേറ്റ് ആയി കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1932ൽ തിരുവിതാംകൂറിൽ ഏർപ്പെടുത്തിയ ഭരണപരിഷ്കാരമാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ പട്ടത്തിനെ പ്രേരിപ്പിച്ചത്. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡത്തിൽനിന്നും തിരുവിതാംകൂറിലെ ശ്രീമൂലം ലെജിസ്ലേറ്റിവ് അസ്സംബ്ലിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ രൂപം കൊണ്ട ജനകീയപ്രസ്ഥാനം 1938ൽ തിരുവിതാംകൂറിൽ സി.വി.കുഞ്ഞുരാമന്റെ നേതൃത്വത്തിൽ രൂപം കൊണ്ടപ്പോൾ അതിന്റെ ആദ്യത്തെ പ്രസിഡന്റായതും പട്ടം താണുപിള്ളയായിരുന്നു.പിന്നീട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്നറിയപ്പെട്ട ദേശീയ സ്വഭാവത്തോടുകൂടിയ ഈ സംഘടനയാണ് ഉത്തരവാദഭരണത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിന്നാവേശം കൊണ്ടു പ്രവർത്തിക്കാനിടവന്നതോടെ പട്ടത്തിന്റെ നേതൃത്വപാടവത്തിനും കർമ്മകുശലതയ്ക്കും പുതിയ വഴികൾ തുറക്കപ്പെടുകയായിരുന്നു. പട്ടത്തിന്റെ നേതൃത്വത്തിലെ പ്രക്ഷോഭങ്ങൾ വിജയത്തിലെത്തിയത് തിരുവിതാംകൂറിൽ ദിവാൻഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു.തുടർന്ന് പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് കോൺഗ്രസ് ഗംഭീരമായ വിജയം നേടുകയും പാർലമെന്ററിപാർട്ടി പട്ടത്തെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.പ്രായപൂർത്തി വോട്ടവകാശം മാനദണ്ഡമായി ഇന്ത്യയിലാദ്യമായി നടത്തപ്പെട്ട തിരഞ്ഞെടുപ്പിലൂടെ പട്ടത്തിന്റെ നേതൃത്വത്തിൽ മൂന്ന് അംഗങ്ങളുള്ള മന്ത്രിസഭ അധികാരമേറ്റെടുത്തു. സി.കേശവൻ, ടി.എം. വർഗീസ് എന്നിവരായിരുന്നു സഹമന്ത്രിമാർ. സമരസേനാനികൾ ഭരണകർത്താക്കളായപ്പോൾ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ ആ മന്ത്രിസഭയുടെ പതനത്തിന് കാരണമായി. അവിശ്വാസ പ്രമേയത്തെ നേരിടാതെ രാജി സമർപ്പിച്ച അദ്ദേഹം കോൺഗ്രസിനോട് വിടവാങ്ങി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന് 1952ലെ തിരഞ്ഞെടുപ്പിനെ നേരിട്ടുവെങ്കിലും പാർട്ടിക്ക് ഏതാനും സീറ്റുകളേ നേടാനായുള്ളൂ.1954ൽ വീണ്ടും നടന്ന തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പട്ടത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് കോൺഗ്രസ് പിന്തുണനൽകി. 1960ൽ വിമോചന സമരത്തോടാനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപമെടുത്ത ഐക്യമുന്നണി ഭൂരിപക്ഷം നേടുകയും പട്ടത്തിന്റെ നേതൃത്വത്തിൽ വീണ്ടും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പഞ്ചാബ് സംസ്ഥാന ഗവർണർ ആയി നിയമിതനാവുകയും മുഖ്യമന്ത്രി പദം രാജിവയ്ക്കുകയും ചെയ്തു. പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളുടെ ഗവർണർ ആയിരിക്കാൻ പട്ടത്തിനു അവസരം ലഭിച്ചു. തത്വങ്ങളോടുള്ള അതിശക്തമായ ആഭിമുഖ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിത തത്വശാസ്ത്രത്തിന്റെ കാതൽ.പട്ടത്തെപ്പോലെ ആത്മാർഥതയും ദൃഢചിത്തതയും പുലർത്തിയ ഒരു നേതാവിനെ നായകനായി കിട്ടിയതു കേരളത്തിന്റെ അപൂർവ ഭാഗ്യമായെ കാണാനാവൂ.
(ലേഖകന്റെ ഫോൺ:9447464282)