ബത്തേരിയിൽ മാത്രം രോഗബാധിതർ 18
സുൽത്താൻ ബത്തേരി : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 11 പേർക്ക് കൊവിഡ് സ്ഥിരികരിച്ച ബത്തേരിയിൽ ഏഴു പേർ കൂടി രോഗബാധിതരായി. ടൗണിലെ മലബാർ ട്രേഡിഗ് കമ്പനിയിലെ ആറ് പേർക്കും ഒരു ആംബുലൻസ് ഡ്രൈവർക്കുമാണ് ഇന്നലെ വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബത്തേരി ടൗണിൽ മാത്രം കൊവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരികരിച്ചവരുടെ സമ്പർക്കപട്ടികയിലുള്ള 67 പേരെ ഇന്നലെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് 7 പേരുടെ ഫലം പോസിറ്റീവായി കണ്ടെത്തിയത്. പലചരക്ക് മൊത്തവിതരണ കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികൾക്ക് പുറമെ ഇവിടെ സമ്പർക്കം പുലർത്തിയ ആളുകൾ, ചുമട്ട് തൊഴിലാളികൾ, കച്ചവടക്കാർ, ഓട്ടോ, ഗുഡ്‌സ് ഡ്രൈവർമാർ എന്നിവരാണ് ആന്റിജൻ ടെസ്റ്റിന് വിധേയരായത്. കൊവിഡ് സ്ഥിരികരിച്ച തൊഴിലാളികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 30 പേർ ക്വാറന്റൈനിലാണ്. സെക്കൻഡറി തലത്തിൽ നൂറു കണക്കിനാളുകളുണ്ടെന്നിരിക്കെ, ഇവരുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിച്ചുവരികയാണ്. മലബാർ ട്രേഡിംഗ് കമ്പനിയുടെ കളക്‌ഷൻ ഏജന്റ് അമ്പലവയലിലെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നതിനാൽ എട്ടു കടകൾ അടിച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഈ കടകൾക്ക് ചുറ്റുവട്ടം മൈക്രോ കണ്ടെയ്‌മെന്റ് സോണുമാക്കി. ചെയ്തു.
നഗരത്തിൽ മുനിസിപ്പൽ ചെയർമാൻ, സെക്രട്ടറി, കൗൺസിൽ അംഗങ്ങൾ, ആരോഗ്യ വകുപ്പ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് ഡെസ്‌ക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് കൺട്രോൾ റൂം തുറക്കും. കഴിഞ്ഞ 16-നും 19-നും ബത്തേരി താലൂക്ക് ആശുപത്രി സന്ദർശിച്ച രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ ആശുപത്രി സന്ദർശിച്ചവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.16-ന് ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും 19-ന് രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ ഒ.പി യിലെത്തിയ മുഴുവൻ ആളുകളുമാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. ഈ ദിവസങ്ങളിൽ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ഡോക്ടർമാരടക്കം ആറ് ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്.
# മുനിസിപ്പാലിറ്റി കൺട്രോൾ
റൂം തുറന്നു സുൽത്താൻ ബത്തേരി : നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ കൺട്രോൾ റൂം തുറന്നു. ബത്തേരി കോട്ടക്കുന്നിലെ വയോജന പാർക്കിലാണിത്. നമ്പർ: 90481 54453. തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലായ് 10-ന് ശേഷം 24 വരെ ഇടപാട് നടത്തിയവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണമെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു അറിയിച്ചു.