ഭാര്യയ്‌ക്ക് തന്നേക്കാൾ മികച്ച ജോലിയും സ്ഥാനവും ലഭിച്ചത് അയാളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു: മെറിന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തൽ
കോട്ടയം: മെറിനെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിന്റെ ബന്ധു പറഞ്ഞു. വിവാഹ ശേഷം ഭർത്താവ് ഫിലിപ്പ് മാത്യുവും മെറിനും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്നും മെറിനെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നെന്നും അവർ വ്യക്തമാക്കി. ചെറിയ രീതിയിലുള്ള വഴക്കുകൾ ഇരുവരും പറഞ്ഞു തീർക്കുമെന്നാണ് കരുതിയത്. അതിന് അവളെ ഇത്ര ക്രൂരമായി കൊല്ലുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ബന്ധു കൂട്ടിച്ചേർത്തു.
അമേരിക്കയിൽ ഫിലിപ്പിന് അത്ര നല്ല ഒരു ജോലി ആയിരുന്നില്ല . ഭാര്യയ്ക്കു തന്നേക്കാൾ മികച്ച ജോലിയും സമൂഹത്തിൽ സ്ഥാനവും ലഭിക്കുന്നത് അയാളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മെറിനെതിരെ ആദ്യം വാക്കുതർക്കങ്ങൾ മാത്രമായിരുന്നു. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി- ബന്ധു പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഇവർ അവസാനമായി നാട്ടിൽ എത്തിയപ്പോൾ രണ്ടായിട്ടാണ് തിരിച്ചു പോയതെന്നും അവർ വ്യക്തമാക്കി. ജനുവരി 12നു പോകാൻ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു.
2016-ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള മെറിന്റെ വിവാഹം നടന്നത്. ഇതിനു ശേഷമാണ് യു എസിൽ പോയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിൻ കൊല്ലപ്പെട്ടത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ.