പ്രധാനമന്ത്രിയുമായി സമ്പ‌ർക്കത്തിന് സാദ്ധ്യത, സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് ഒന്ന് മുതൽ നിരീക്ഷണത്തിൽ കഴിയണം

Thursday 30 July 2020 11:33 AM IST

ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം. ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് നിർദേശം.

14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരുമായും സമ്പർക്കമില്ലാതെ വേണം ഈ കാലയളവിൽ കഴിയാൻ. വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം. എന്തെങ്കിലും ആവശ്യത്തിന് ഡോക്ടറെ കാണണമെങ്കിൽ സർക്കാരിന്റെ സഞ്ജീവനി പദ്ധതിയിലൂടെ ടെലിഫോൺ വഴി സേവനം തേടാം.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് മുന്‍കൂര്‍ നിരീക്ഷണം നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് പങ്കെടുക്കുക. ഇവരുടെ കൂടി സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.