റിലയൻസ് ഗ്രൂപ്പിന്റെ ആസ്ഥാനം അടക്കം നഷ്‌ടമായി; കടത്തിന്മേൽ കടവുമായി അനിൽ അംബാനി
മുംബയ്: മുംബയ് സാന്താക്രോസിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ ആസ്ഥാനം അനിൽ അംബാനിക്ക് നഷ്‌ടമായി. ആസ്ഥാനത്തിന് പുറമെ ദക്ഷിണ മുംബയിലുള്ള രണ്ട് ഓഫീസുകളും അനിൽ അംബാനിയിൽ നിന്ന് യെസ് ബാങ്ക് പിടിച്ചെടുത്തു. കമ്പനിയ്ക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാദ്ധ്യതയാണുണ്ടായിരുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബാങ്ക് നടപടി.അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്.
അതിനിടെ പല ഓഫീസുകളുടെയും പ്രവർത്തനം കൊവിഡിനെ തുടർന്ന് നിർത്തിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ജീവനക്കാരെല്ലാം വീട്ടിൽ ഇരുന്നാണ് ജോലി ചെയ്‌തിരുന്നത്. 21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബയ് എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.