മൊബൈൽ ക്ലിനിക്കുകൾ തുടങ്ങണം
ജനുവരി മുപ്പതിനാണ് ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിൽ തിരികെയെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യത്തെ രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ട് ആറുമാസമായി. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം 21797, മരണങ്ങളുടെ എണ്ണം 68. നിലവിൽ 10350 രോഗബാധിതരാണുള്ളത്. നമ്മുടെ രോഗമുക്തി നിരക്ക് കഷ്ടിച്ച് 52.1 ശതമാനം മാത്രമാണ്.
രാജ്യത്ത് ആദ്യം സാമൂഹ്യ വ്യാപനം നടന്നുവെന്ന് പ്രഖ്യാപിച്ച സംസ്ഥാനവും കേരളമായി. കണ്ടെയിൻമെന്റ് സോണുകളുടെയും ലാർജ് ക്ലസ്റ്ററുകളുടെയും എണ്ണം ദിവസേന കൂടിവരികയാണ്. അതോടൊപ്പം, തീരദേശ മേഖലകളിൽ സാമൂഹ്യ വ്യാപനവും. രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ള ആദ്യ ആഴ്ചകളിൽ കേരളം അവകാശപ്പെട്ട വാദമുഖങ്ങളെയും കണക്കുകളെയുമൊക്കെ അപ്രസക്തമാക്കുന്നതാണ് ആറുമാസം കഴിയുമ്പോഴുള്ള രോഗവ്യാപനവും സാമൂഹിക വ്യാപനവും.
തുടക്കത്തിൽ ടെസ്റ്റുകൾ നടത്തുന്ന കാര്യത്തിൽ മുൻപന്തിയിൽ നിന്ന കേരളം പിന്നീട് ടെസ്റ്റുകളുടെ എണ്ണത്തിൽ വളരെ പിന്നോട്ട് പോവുകയും, ഒരു ഘട്ടത്തിൽ ഇന്ത്യയിലെ അവസാന സംസ്ഥാനങ്ങളിലൊന്നായി മാറുകയും ചെയ്തു. ലോകാരോഗ്യ സംഘടന നൽകിയ മാർഗനിർദ്ദേശം ടെസ്റ്റ്, ട്രേസ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന മാനദണ്ഡത്തിന് വിപരീതമായി ടെസ്റ്റുകൾ പരമാവധി കുറച്ചു നടത്താനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്. ജൂലായ് ഏഴാം തീയതി മുതലാണ് നമ്മുടെ പരിശോധനകളുടെ എണ്ണം പതിനായിരം കഴിഞ്ഞത്. പരിശോധനകളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി രോഗികളുടെ എണ്ണവും കൂട്ടുന്നുണ്ട്. ഒരുപക്ഷേ നേരത്തെ തന്നെ നമ്മൾ പരിശോധനകളുടെ എണ്ണം കുറയ്ക്കാതിരുന്നെങ്കിൽ വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തി അവർക്ക് ചികിത്സ നൽകി മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും രോഗവ്യാപനം കുറയ്ക്കാനും സാധിക്കുമായിരുന്നു. മേയ് അവസാനത്തിൽ വിദഗ്ദ്ധസമിതിയുടെ അവലോകനയോഗത്തിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അത് വിശ്വാസത്തിലെടുക്കുന്ന സമീപനമായിരുന്നില്ല സർക്കാർ കൈക്കൊണ്ടത്.
ഒരുമാസം മുമ്പ് 200 രോഗബാധിതർ മാത്രമുണ്ടായിരുന്ന തിരുവനന്തപുരത്ത് ഇന്ന് രോഗബാധിതരുടെ എണ്ണം നാലായിരത്തോളം അടുക്കുകയാണ്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം നഗരം ഒന്നാമതായിരുന്നു. സമ്പർക്ക രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് തിരുവനന്തപുരത്തെ സാമൂഹ്യ വ്യാപനത്തിലെത്തിച്ചത്.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനയുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച സർക്കാർ അതിനു വേണ്ട ചികിത്സാ സൗകര്യങ്ങളോ, പരിശോധന സൗകര്യങ്ങളോ, ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനോ, യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുള്ളത് പാളിച്ചയാണ്.
രോഗബാധിതരെ ചികിത്സിക്കാൻ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കിടക്കകൾ ഉണ്ടായിരുന്നുവെന്ന് ഒരുഘട്ടത്തിൽ അവകാശപ്പെട്ട സർക്കാർ ഇന്ന് ഇരുപത്തയ്യായിരം രോഗികളായപ്പോൾ തന്നെ രോഗലക്ഷണമില്ലാത്ത രോഗബാധിതരെ വീടുകളിൽ ചികിത്സിക്കാൻ നിർദ്ദേശിക്കുകയാണ്.
ആവശ്യമെങ്കിൽ മാത്രമേ അടുത്ത ഘട്ടത്തിൽ രോഗം ഗുരുതരമല്ലാത്ത രോഗികളെ അവരുടെ വീടുകളിൽ ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. ക്വാറന്റൈനിലുണ്ടായ പാളിച്ചകൾ രോഗവ്യാപനത്തിന് കാരണമായതെന്നത് കണക്കിലെടുത്ത് രോഗബാധിതരെ വീടുകളിലെത്തി നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി മൊബൈൽ ക്ലിനിക്കുകൾ ആ ഘട്ടത്തിൽ ആരംഭിക്കുകയും വേണം. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനുപകരം ആളുകളെ ചികിത്സിക്കുന്നതിനുമാത്രം മുൻഗണന നൽകിയതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഇത്രയധികം വർദ്ധിച്ചത്.
ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് ഇന്ന് തിരുവനന്തപുരം സാമൂഹ്യ വ്യാപനത്തിൽ എത്തിനിൽക്കുന്നത്. കൊവിഡ് 19 പരിശോധനകളുടെ പരിമിതമായ എണ്ണം, പരിശോധനയ്ക്ക് എടുക്കുന്ന കാലതാമസം, പരിശോധനാഫലം വരാനുള്ള അനന്തമായ കാത്തിരിപ്പ്, കൊവിഡ് മൂലമുണ്ടായ മരണമാണോ, അല്ലയോ എന്നറിയാൻ കഴിയാതെ മൃതദേഹത്തിനായി ദിവസങ്ങളോളമുള്ള കാത്തിരിപ്പ് എന്നിവ വ്യാപനത്തിനുള്ള പ്രധാന കാരണങ്ങളാണെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ, സാമൂഹ്യ വ്യാപനമുണ്ടായിരിക്കുന്ന തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണത്തിൽ ഗുരുതരമായ കുറവാണുണ്ടായിരിക്കുന്നത്. സാമൂഹ്യ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പൂന്തുറ, പുല്ലുവിള ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ജനപ്രതിനിധികൾ അവരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് കിറ്റുകൾ വാങ്ങി നൽകിയിട്ടും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സർക്കാരിന് കഴിയുന്നില്ല .
ജില്ലയിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നും പതിനെട്ടിലൊരാൾക്ക് രോഗമുണ്ടെന്നും പറയുന്ന സർക്കാർ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരിമിതമാണ്. ജൂലായ് 22 ന് 1032, 23 ന് 828, 24 ന് 786, 25 ന് 645, 26 ന് 570, 27 ന് 358, 28 ന് 681, 29 ന് 446 അങ്ങനെ കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5300 മാത്രമാണ്. അതിൽ രോഗബാധിതരുടെ എണ്ണം ഏകദേശം 1400 ഉം. അതായത് തിരുവനന്തപുരത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങളെക്കാൾ ഏകദേശം ആറിരട്ടിയാണിത്.
ആർ.ടി. പി.സി.ആർ ടെസ്റ്റുകൾ നടത്തുന്നതിന് സർക്കാരിന് 16 ലാബുകൾ മാത്രമാണുള്ളത്. കോവിഡ് പരിശോധനയ്ക്ക് 110 ഓളം ലാബുകളുണ്ടെന്ന് അവകാശപ്പെടുന്ന സർക്കാർ ഇതിനോടകം നടത്തിയിട്ടുള്ളത് കേവലം ഏഴര ലക്ഷം ടെസ്റ്റുകൾ മാത്രമാണ്. എന്നാൽ, 20 ലാബുകൾ മാത്രമുള്ള ആസാം ഇതിനോടകം നടത്തിയത് എട്ടര ലക്ഷം ടെസ്റ്റുകളാണ്.
ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും, അതിതീവ്ര മേഖലകളിൽ പരമാവധി കമ്മ്യൂണിറ്റി സ്ക്രീനിംഗ് നടത്തി രോഗബാധിതരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുകയും, അവർക്ക് ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി നൽകിയാൽ മാത്രമേ സാമൂഹ്യ വ്യാപനത്തെ തോൽപ്പിച്ച് മരണനിരക്ക് കുറയ്ക്കാൻ കഴിയുകയുള്ളൂ. അല്ലാതെ നടത്തുന്ന പ്രചാരണ തന്ത്രങ്ങൾ കൊവിഡിനെ നിയന്ത്രിക്കാനല്ല, മറിച്ച് അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നതിനേ കാരണമാകൂ. കൊവിഡ് പ്രതിരോധമെന്ന ദീർഘദൂര ഓട്ടത്തിൽനിന്ന് നമുക്ക് പഠിക്കാനുള്ള പാഠങ്ങൾ വളരെയേറെയാണ്. വാർഷിക പരീക്ഷയിൽ വിജയിക്കുന്നതിനായി പഠിക്കുന്നതിനുപകരം ആദ്യ ക്ലാസ് ടെസ്റ്റിൽ ഒന്നാമനായി എന്ന് കരുതി പഠനം നിറുത്തുന്ന സമീപനം ഒരു സർക്കാരിൽ നിന്നും ഉണ്ടാകാൻ പാടില്ല.
(മുൻ ആരോഗ്യ മന്ത്രിയാണ് ലേഖകൻ)