ചിറ്റാർ സംഭവത്തിലെ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരായ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. മരിച്ച ചിറ്റാറിൽ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നെന്ന വിവരം ബന്ധുക്കളെയോ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളേയോ ഉദ്യോഗസ്ഥർ അറിയിച്ചില്ലെന്നത് ഗൗരവകരമാണ്. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിക്കാത്തത് ദുരൂഹമാണ്. സ്റ്റേഷനിലെ ഔദ്യോഗിക രേഖയായ ജനറൽ ഡയറിയിൽ കസ്റ്റഡി വിവരം രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടെ മൊഴി രേഖപ്പെടുത്താതെയാണ് കുടപ്പനയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയത്. മത്തായി മരിച്ചതിന് ശേഷമാണ് സി.സി.ടി.വി കാമറ മോഷണത്തിന് കേസെടുത്തത്. കേസിൽ മത്തായിയെ കുരുക്കിയതാണെന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് ഭാര്യയുടെ ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാമെന്ന സാഹചര്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.