ഒ. രാജഗോപാലിന്റെ ഉപവാസം ഇന്ന്

Saturday 01 August 2020 12:21 AM IST

തിരുവനന്തപുരം: സ്വർണക്കടത്തു കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒ. രാജഗോപാൽ എം.എൽ.എ ഇന്ന് ഉപവസിക്കും. തൈക്കാട്ടെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഉപവാസം. രാവിലെ 10ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എം.പി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെർച്വൽ റാലി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. നാളെ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിലെ വസതിയിൽ ഉപവസിക്കും. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു ഉദ്ഘാടനം ചെയ്യും. വി. മുരളീധരന്റെ ഉപവാസ സമരത്തിന്റെ സമാപനത്തിന് കൊല്ലത്ത് വെർച്വൽ റാലി നടക്കും.