'സഹിക്കാൻ കഴിയാതെ ഞാൻ മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് ഉറക്കഗുളിക കഴിച്ചു, വാതിൽ തുറക്കാതായപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ചു." വെളിപ്പെടുത്തലുമായി നടി

Saturday 01 August 2020 3:01 PM IST

മലയാള സിനിമയിൽ ഒരു സമയത്ത് നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ഉണ്ണി മേരി. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഐ.വി ശശിയുടെ കാണാമറയത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

"ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമാതാരങ്ങളും ചലച്ചിത്ര പ്രവർത്തകരും താമസിക്കുന്ന ഹോട്ടലിൽ എന്നെ കാണാൻ അച്ഛൻ എത്തി. അച്ഛനോട് അവിടെ ഉള്ളവർ മോശമായി സംസാരിക്കുകയും എന്നെ കാണാൻ സമ്മതിക്കാതിരിക്കുകയും ചെയ്‌തു. എന്നെ കാണാൻ കഴിയാതെ അച്ഛൻ മടങ്ങി. അതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോയി. സഹിക്കാൻ കഴിയാതെ ഞാൻ ഹോട്ടൽ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു ശേഷം ഉറക്കഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകൾ വിളിച്ചപ്പോൾ താൻ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു. വാതിൽ തുറക്കാതായപ്പോൾ മമ്മൂട്ടി വാതിൽ ചവിട്ടിപ്പൊളിച്ചു." അബോധാവസ്ഥയിലായ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി.

അന്ന് മമ്മൂട്ടി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു. 1969ൽ പുറത്തിറങ്ങിയ നവവധു എന്ന ചിത്രത്തിലൂടെയാണ് തന്റെ ആറാം വയസിൽ ഉണ്ണി മേരി ബാലതാരമായി സിനിമയിൽ എത്തുന്നത്.