അയോദ്ധ്യ ഭൂമിപൂജക്ക് അദ്വാനിയും മുരളീമനോഹർ ജോഷിയുമില്ല; വേദിയിൽ പ്രധാനമന്ത്രിയും മ‌റ്റ് നാലുപേരും മാത്രമെന്ന് സൂചന

Saturday 01 August 2020 4:10 PM IST

ലഖ്നൗ: അയോദ്ധ്യയിൽ രാമജന്മഭൂമിയിലെ ക്ഷേത്രം സ്ഥാപിക്കാനുള‌ള ഭൂമിപൂജയിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അദ്വാനിയും മുരളീമനോഹർ ജോഷിയും പങ്കെടുത്തേക്കില്ല.92 വയസ്സുകാരനായ അദ്വാനിയും 86 വയസ്സുകാരനായ ജോഷിയും അയോദ്ധ്യ സംഭവങ്ങളെ തുടർന്നുണ്ടായ കേസിലെ പ്രതികളായിരുന്നു. പ്രായാധിക്യവും കൊവിഡ് മാനദണ്ഡങ്ങളുമാണ് ഇവരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിന് കാരണമായി പറയപ്പെടുന്നത്.

എന്നാൽ 1992ലെ ബാബറി മസ്‌ജിദ് തകർന്ന കേസിലെ പ്രതികളായിരുന്ന മുതിർന്ന ബിജെപി നേതാക്കളായ ഉമാ ഭാരതിയും കല്യാൺ സിംഗും പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചതായും തങ്ങൾ പങ്കെടുക്കുമെന്നും അറിയിച്ചു.അദ്യാനിയും ജോഷിയും ബാബറി മസ്‌ജിദ് സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. എന്നാൽ ഉമാ ഭാരതിയും കല്യാൺ സിംഗും തങ്ങൾക്ക് ബാബറി മസ്‌ജിദ് സംഭവത്തിൽ യാതൊരു മനസ്‌താപവും ഇല്ലെന്ന് വ്യക്തമാക്കി.

1990കളിൽ രാമക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്നവരിൽ ശ്രദ്ധേയൻ എൽ.കെ.അദ്വാനിയായിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്‌ക്കും ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ശിവസേന അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയിൽ നാലുപേരാണ് ഉണ്ടാകുക എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കായി ഉത്തർപ്രദേശ് സർക്കാർ വിപുലമായ സുരക്ഷാ ഒരുക്കങ്ങളാണ് ചെയ്‌തിരിക്കുന്നത്. ആർ എസ് എസ് അദ്ധ്യക്ഷൻ മോഹൻ ഭഗവത്, രാമജന്മ ഭൂമി അദ്ധ്യക്ഷൻ നൃത്യ ഗോപാൽ ദാസ് മ‌റ്റ് രണ്ട് വിശിഷ്‌ടാതിഥികൾ എന്നിവരാണ് വേദിയിലുണ്ടാകുക. മ‌റ്റൊരു നേതാവിനും സന്യാസിക്കും വേദിയിലേക്ക് ക്ഷണമില്ല. പരിപാടി പ്രമാണിച്ച് അയോദ്ധ്യയിൽ അഞ്ചിലധികം പേർ കൂട്ടം ചേർന്ന് നിൽക്കുന്നത് വിലക്കുമെന്ന് അധികൃതർ അറിയിച്ചു. 3500ഓളം പൊലീസുകാരാണ് പരിപാടിക്ക് സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകുക.

അതേസമയം പത്ത് മുതിർന്ന നേതാക്കളുടെ പേരുകൾ അധികൃതർ തയ്യാറാക്കിയതായും ഇവർക്ക് വീഡിയോ കോൺഫറൻസ് വഴി ഭൂമി പൂജ കാണാം എന്നും അറിയുന്നു. ഇക്കൂട്ടത്തിൽ അദ്വാനിയുടെയും ജോഷിയുടെയും പേരുണ്ട്. അത്തരത്തിൽ ഇവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അറിയുന്നത്.