വെൽക്കം റാഫേൽ

Sunday 02 August 2020 12:00 AM IST

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിച്ചുകൊണ്ട് ഫ്രാൻസിൽ നിന്ന് ആയുധ സജ്ജമായി എത്തിയ അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ കഴിഞ്ഞ ബുധനാഴ്ചയാണ് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ ലാൻഡ് ചെയ്‌തത്. വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ വിമാനങ്ങളെ സ്വീകരിക്കാനെത്തി.

ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആദ്യവിമാനവും തുടർന്ന് ഒന്നൊന്നായി നാല് വിമാനങ്ങളും ലാൻഡ് ചെയ്‌തു. ഒറ്റ സീറ്റുള്ള മൂന്നും, പരിശീലനത്തിനു ഉപയോഗിക്കാവുന്ന രണ്ട് സീറ്റുകളുള്ള രണ്ടു വിമാനങ്ങളുമാണ് എത്തിയത്. 17-ാം സ്‌ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ ഹർകിരാത്ത് സിംഗിന്റെ നേതൃത്വത്തിൽ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങൾ പറത്തിയത്. ഇവരിൽ ഒരാൾ കോട്ടയം സ്വദേശി വിംഗ് കമാൻഡർ വിവേക് വിക്രം ആയിരുന്നെന്നത് മലയാളികൾക്ക് അഭിമാനം പകരുന്നു.

ഗുഡ് ബൈ ഒലിവിയ

പ്രശസ്ത ഹോളിവുഡ് താരം ഒലിവിയ ഡി ഹവിലൻഡ് വിട പറഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. 'ഗോൺ വിത് ദ് വിൻഡ് എന്ന വിഖ്യാത ചിത്രത്തിലൂടെയാണ് ഒലിവിയ ലോകപ്രശസ്തയായത്. 104 വയസായിരുന്നു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു തവണ മികച്ച നടിക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയിട്ടുണ്ട്. ടു ഈച്ച് ഹിസ് ഓൺ (1946), ദ് ഹെയറസ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം നേടിയത്.1930-40 കാലഘട്ടങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ തിളങ്ങിയ ഒലിവിയ, ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിലെ നായികയായാണ് അറിയപ്പെടുന്നത്. ഓസ്‌കാർ ജേതാക്കളിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അഭിനേതാവായിരുന്നു.


കോവിഡ് കണ്ടെത്താൻ ഡോഗ് സ്‌ക്വാഡ്


കൊവിഡ് വൈറസ് പരിശോധനയ്ക്ക് ഇനി നായ്ക്കളും. ജർമനിയിലെ വെറ്റിറിനറി സർവകലാശാലയാണ് ഇതിനായി നായ്ക്കളെ പരിശീലിപ്പിച്ചത്. ജർമൻ സായുധസേനയിൽ നിന്നുള്ള എട്ട് നായ്ക്കൾക്കാണ് കൊവിഡ് വൈറസ് ബാധ തിരിച്ചറിയുന്നതിനായി ഒരാഴ്ചത്തെ പരിശീലനം നൽകിയത്.
1000 പേർക്കിടയിൽ നടത്തിയ പരിശോധനയിൽ 94 ശതമാനം കൃത്യതയോടെ നായ്ക്കൾ കോവിഡ് 19 പോസിറ്റീവ് കേസുകളെ തിരിച്ചറിഞ്ഞതായി യൂണിവേഴ്സിറ്റി ഒഫ് വെറ്ററിനറി മെഡിസിൻ ഹാനോവർ അധികൃതർ പറയുന്നു.
കോവിഡ് പോസിറ്റീവായവരുടേതടക്കം 1000 പേരുടെ ഉമിനീരാണ് നായ്ക്കൾക്ക് മണത്തു പരിശോധിച്ചത്. ഇതിൽ നിന്ന് പോസിറ്റീവ് കേസുകൾ കൃത്യമായി കണ്ടുപിടിക്കാൻ നായ്ക്കൾക്ക് സാധിച്ചു!
കൊറോണ വൈറസ് ബാധിച്ച വ്യക്തിയുടെ ചയാപചയ പ്രവർത്തനങ്ങൾ മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നും നായ്ക്കൾക്ക് മണം പിടിച്ച് ഇവ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. നായ്ക്കളിലെ ഘ്രാണശേഷി മനുഷ്യരേക്കാൾ ആയിരം മടങ്ങ് ഇരട്ടിയാണ്.
വിമാനത്താവളങ്ങൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങി തിരക്കുള്ള ഇടങ്ങളിൽ എളുപ്പത്തിൽ കൊവിഡ് കേസുകൾ തിരിച്ചറിയുന്നതിന് ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം.
ജർമൻ സായുധസേനയും ഹാനോവെർ വെറ്റിറിനറി സ്‌കൂളും ചേർന്നാണ് പഠനം നടത്തിയത്. ഇൻഫ്ളുവൻസ പോലുള്ള മറ്റുരോഗങ്ങളിൽ നിന്ന് കോവിഡിനെ കൃത്യമായി തിരിച്ചറിയാൻ പരിശീലിപ്പിക്കുന്നതാണ് അടുത്ത ഘട്ടമെന്ന് ഗവേഷകർ പറഞ്ഞു.

ഹ്യൂമൺ കമ്പ്യൂട്ടറിന് സർട്ടിഫിക്കറ്റ്.
ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ഭാരത ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാദേവി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ട് മൂന്ന് പതിറ്റാണ്ടു കഴിഞ്ഞു. എന്നാൽ ഗണിതവേഗം കൊണ്ടു ലോകത്തെ അമ്പരപ്പിച്ച അതുല്യ പ്രതിഭയ്ക്ക് ആ സർട്ടിഫിക്കറ്റ് ലഭിച്ചത് കഴിഞ്ഞ ദിവസം! മകൾ അനുപമ ബാനർജിയാണ് അമ്മയ്ക്കുള്ള അംഗീകാരത്തിന്റെ ഔദ്യോഗികരേഖ ഏറ്റുവാങ്ങിയത്.
അതിസങ്കീർണമായ ഗണിതചോദ്യത്തിന് വെറും 28 സെക്കൻഡിൽ ഉത്തരം കണ്ടെത്തി 1980ലാണു ശകുന്തളാദേവി ഗിന്നസ് ലോക റെക്കാഡ്സിൽ ഇടംനേടിയത്. ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്ന പതിവ് അന്ന് ഇല്ലാതിരുന്നതു കാരണം സാക്ഷ്യപത്രങ്ങളൊന്നും ലഭിച്ചില്ല.
ശകുന്തളാദേവിയായി വിദ്യാ ബാലൻ അഭിനയിച്ച ബോളിവുഡ് ചിത്രം കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വിഡിയോയിൽ പുറത്തിറങ്ങി. സിനിമാ ചിത്രീകരണത്തിനിടെയാണ് ശകുന്തളാദേവിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന കാര്യം വിദ്യ ബാലൻ അറിഞ്ഞത്. തുടർന്നു താരം ഇടപെട്ടതോടെയാണ് സർട്ടിഫിക്കറ്റ് വേഗം ലഭിച്ചത്.


ചൊവ്വയിലേക്ക് വീണ്ടും നാസ
ചൊവ്വാ പര്യവേഷണത്തിന്റെ ഭാഗമായി നാസ പുതിയ പേടകം വിക്ഷേപിച്ചു. പെർസിവറൻസ് (perseverance) എന്നാണ് ഈ പുതിയ റോവറിന്റെ പേര്. ചൊവ്വയിൽ പ്രാചീന കാലത്തെപ്പോഴെങ്കിലും ജീവനുണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഫ്‌ളോറിഡയിലെ കേപ് കനാവറലിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിൽ ജൂലായ് 30നായിരുന്നു റോവറിന്റെ വിക്ഷേപണം. ആറര മാസത്തെ യാത്രയക്കുശേഷമാണ് റോവർ ചൊവ്വയിലെത്തുക. ഫെബ്രുവരി 18 ന് ജെസേറോ ഗർത്തത്തിൽ പെർസിവറൻസ് ഇറങ്ങും. 'ഇൻജെന്യുയിറ്റി' (Ingenuity) എന്ന ഒരു കുഞ്ഞൻ ഹെലികോപ്റ്ററും

പെർസിവറൻസ് വഹിക്കുന്നുണ്ട്. ഇത് ചൊവ്വയിലെത്തുന്നതോടെ മറ്റൊരു ഗ്രഹത്തിലേക്ക് പറക്കുന്ന ആദ്യ കോപ്റ്ററാകും ഇൻജെന്യുയിറ്റി.
ചൊവ്വയുടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് ഓക്സിജനാക്കി മാറ്റുന്ന സാങ്കേതിക വിദ്യയും പെർസിവറൻസ് പരീക്ഷിക്കും. ഇത്തരത്തിൽ നിർമ്മിക്കുന്ന ഓക്സിജൻ ഭാവിയിൽ ബഹിരാകാശ സഞ്ചാരികൾക്ക് ഉപയോഗിക്കാനാവും.