ഇന്ത്യയിൽ ഒരുങ്ങുന്നു ഇലക്ട്രോണിക്‌സ് വിപ്ളവം

Sunday 02 August 2020 3:15 AM IST

ന്യൂഡൽഹി: ഇന്ത്യയെ സ്വയംപര്യാപ്‌തമാക്കാനുള്ള കേന്ദ്ര പദ്ധതികളുടെ ഭാഗമായ 'ഉത്‌പാദന അനുബന്ധ ആനുകൂല്യ" (പി.എൽ.ഐ)​ സ്‌കീമിന് പിന്തുണയർപ്പിച്ച് സാംസംഗ്,​ ആപ്പിൾ ഐഫോൺ നിർമ്മാതാക്കൾ എന്നിവയുൾപ്പെടെ ഒട്ടേറെ കമ്പനികൾ ചേർന്ന് അഞ്ചുവർഷത്തിനകം ഇന്ത്യയിൽ 11.5 ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകളും മറ്ര് ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങളും നിർമ്മിക്കുമെന്ന് കേന്ദ്ര ഐ.ടി/ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

സാംസംഗ്,​ ലാവ,​ ഡിക്‌സൺ,​ മൈക്രോമാക്‌സ്,​ ഒപ്‌ടിമസ്,​ ആപ്പിളിനു വേണ്ടി ഐഫോണുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌കോൺ തുടങ്ങി 22 കമ്പനികളാണ് പദ്ധതിയിലേക്ക് താത്പര്യം അറിയിച്ചത്. 11.5 ലക്ഷം കോടി രൂപയിൽ ഏഴു ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഘടകങ്ങളും ഇന്ത്യയിൽ നിന്ന് അവ കയറ്റുമതി ചെയ്യും. കമ്പനികൾക്ക് ഇൻസെന്റീവ് ഇന്നലെ മുതൽ അനുവദിച്ച് തുടങ്ങി.

അഞ്ചുവർഷത്തിനകം മൂന്നുലക്ഷം പേർക്ക് നേരിട്ടും പരോക്ഷമായി 9 ലക്ഷം പേർക്കും തൊഴിൽ ലഭിക്കും. മേക്ക് ഇൻ ഇന്ത്യ,​ ഡിജിറ്റൽ ഇന്ത്യ കാമ്പയിനുകൾക്കും കരുത്തേകുന്ന പദ്ധതി പ്രകാരം ഇന്ത്യയുടെ മൂല്യവർദ്ധന നിലവിലെ 15-20 ശതമാനത്തിൽ നിന്ന് മൊബൈൽഫോൺ നിർമ്മാണത്തിൽ 35-40 ശതമാനത്തിലേക്കും ഇലക്‌ട്രോണിക്‌സ് ഘടക നിർമ്മാണത്തിൽ 45-50 ശതമാനത്തിലേക്കും ഉയരും.

പദ്ധതി ഇങ്ങനെ

പ്രോഡക്‌ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ)​ സ്‌കീമിന്റെ ഭാഗമായി അഞ്ചുവർഷത്തിനകം 11.5 ലക്ഷം കോടി രൂപയുടെ മൊബൈൽഫോണുകളും അനുബന്ധ ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കും. അതിൽ,​ ഏഴുലക്ഷം കോടി രൂപയുടെ ഫോണുകളും ഘടകങ്ങളും കയറ്റുമതി ചെയ്യും.

കമ്പനികൾ

സാംസംഗ്,​ വിസ്‌ട്രോൺ,​ പെഗാട്രോൺ,​ റൈസിംഗ് സ്‌റ്റാർ,​ സോഹോ,​ ഒപ്‌ടിമസ്,​ മൈക്രോമാക്‌സ്,​ ലാവ,​ ആപ്പിൾ ഐഫോൺ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ തുടങ്ങി 22 കമ്പനികൾ.

₹15,​000

വിദേശ കമ്പനികൾ ഇന്ത്യയിൽ നിർമ്മിക്കുക 15,​000 രൂപ മുതൽ വിലയുള്ള ഫോണുകൾ. ലാവ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് ഈ വിലപരിധി ബാധകമല്ല.

12 ലക്ഷം തൊഴിൽ

പദ്ധതിയുടെ ഭാഗമായി മൂന്നുലക്ഷം പേർക്ക് നേരിട്ടും 9 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ.

ചൈന ഇല്ല!

പദ്ധതിയുടെ ഭാഗമാകാൻ ചൈനീസ് കമ്പനികൾ അപേക്ഷിച്ചിട്ടില്ല. മൊബൈൽഫോൺ,​ മറ്റ് ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ എന്നിവയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും പി.എൽ.ഐ സ്‌കീമിന്റെ ലക്ഷ്യമാണ്.

₹10 ലക്ഷം കോടി

മൊബൈൽഫോൺ നിർമ്മാണ രംഗത്ത് ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയാണ് കേന്ദ്ര ലക്ഷ്യം. 2025 ഓടെ ഈ രംഗത്തു നിന്നുള്ള വരുമാനം 10 ലക്ഷം കോടി രൂപയാക്കുകയും ഉന്നമാണ്. 

60%

ആഗോള സ്‌മാർട്ഫോൺ വിപണിയിൽ ആപ്പിളിന് 37 ശതമാനവും സാംസംഗിന് 22 ശതമാനവും വിഹിതമുണ്ട്.

ഫാക്‌ടറിപ്പെരുമ

2014-15ൽ ഇന്ത്യയിൽ രണ്ടു മൊബൈൽഫോൺ ഫാക്‌ടറികളാണ് ഉണ്ടായിരുന്നത്; ഉത്‌പാദനം ആറു കോടി ഫോണുകളും. ഇപ്പോൾ ഫാക്‌ടറികൾ 250. ഉത്‌പാദനം 33 കോടി.