ചോരയിൽ കുതിർന്ന സ്വപ്നങ്ങൾക്ക് ഓപ്രയുടെ ആദരം

Saturday 01 August 2020 9:19 PM IST

 ആദ്യമായി കവർ ചിത്രം മാറ്റി ദ ഓപ്ര മാഗസിൻ

വാഷിംഗ്ടൺ: ഇരുപത് വർഷത്തിനിടെ ആദ്യമായി കവർ ചിത്രം മാറ്റി നടിയും ടോക്ക് ഷോ അവതാരകയുമായ ഓപ്ര വിൻഫ്രിയുടെ മാഗസിൻ. വ്യാജ നാർക്കോട്ടിക് റെയ്ഡിനിടെ ലൂയിസ്‌വില്ലെ പൊലീസിന്റെ വെടിയേറ്റ് മരിച്ച ബെറോന്ന ടെയ്‌ലർ എന്ന നഴ്‌സിന്റെ ഫോട്ടോയാണ് ഇത്തവണ 'ദ ഓപ്ര മാഗസിന്റെ" കവർ ചിത്രം. 2000ത്തിൽ മാഗസിൻ ആരംഭിച്ചത് മുതൽ വിൻഫ്രിയാണ് മുഖചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ടെയ്‌ലറിനെ പറ്റിയും അവരോട് ചെയ്ത നീതികേടിനെ പറ്റിയും നീണ്ട ലേഖനവും വിൻഫ്രി മാഗസിനിൽ എഴുതിയിട്ടുണ്ട്.

'അവൾ എന്നെപ്പോലെയാണ്, നിങ്ങളെപ്പോലെയാണ്. മരണത്തിനെ പറ്റി ചിന്തിക്കുന്നതിന് മുമ്പേ കടന്നു പോകേണ്ടി വരുന്നവരെ പോലെയും. അവൾക്ക് ധാരാളം സ്വപ്‌നങ്ങളുണ്ടായിരുന്നു. ജോലിയും ഉത്തരവാദിത്വങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള സന്തോഷങ്ങളും എല്ലാം.അവയെല്ലാം ഒറ്റരാത്രിയിൽ അഞ്ച് വെടിയുണ്ടകൾ കൊണ്ട് ചിതറിത്തെറിച്ചു.' - വിൻഫ്രി ലേഖനത്തിൽ കുറിക്കുന്നു.

'നമുക്കൊരിക്കലും നിശബ്ദരായി ഇരിക്കാനാവില്ല. ഏത് ഉച്ചഭാഷിണിയിലൂടെയും അവളുടെ നീതിക്കായി നമ്മൾ നിലവിളിക്കണം. അതാണ് മാഗസിന്റെ കവർ ചിത്രമായി ഞാനവളെ തിരഞ്ഞെടുത്തത്. അവളുടെ നീതിക്കായി ഞാനും കരയുന്നു.' - ഓപ്ര ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞ മാർച്ച് 13 ആയിരുന്നു ടെയ്‌ലർ വെടിയേറ്റ് മരിച്ചത്.