കോടിയേരിയുടെ സത്യാന്വേഷണ പരിശോധന
മഹാമാരികളെ തുരത്താൻ ആഗോളതലത്തിൽ തന്നെ രൂപീകൃതമായിട്ടുള്ള ഭിഷഗ്വരശ്രേഷ്ഠരുടെ ഗണത്തിൽ ലോകപ്രശസ്ത ആരോഗ്യവിദഗ്ദ്ധൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെട്ടത് യാദൃച്ഛികമായിട്ടായിരുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി എന്ന പ്രമാണത്തിൽ വിശ്വസിക്കുന്ന ഭിഷഗ്വരനാണ് അദ്ദേഹം. കൊവിഡ് മഹാമാരിയെ തുരത്താനുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിൽ സഹായിക്കാൻ അദ്ദേഹത്തോട് പലരും അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു. അതൊക്കെയെന്ത്, ചീള് കേസ് എന്ന മട്ടിലും ഭാവത്തിലുമായിരുന്നതിനാലാണ് അദ്ദേഹം നിഷ്കരുണം ആ അഭ്യർത്ഥന തള്ളിക്കളഞ്ഞത്.
കോടിയേരി സഖാവ് അദ്ദേഹത്തിന്റേതായ ചില ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ച് ലോകാരോഗ്യസംഘടന മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. അതൊക്കെ അമൂല്യരത്നങ്ങളായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നത് കൊണ്ടുതന്നെ ബി നിലവറയിൽ അടച്ച് പൂട്ടി പട്ടാളക്കാരെ കാവൽ നിറുത്തിയിരിക്കുകയാണ്. ഡോക്ടർ കോടിയേരി ബാലകൃഷ്ണൻ പത്ത് തലയുള്ള രാവണനാണെന്നാണ് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.
അങ്ങനെയിരിക്കെയാണ് ഏതോ ഒരു മഹാമാരി ഇവിടെവിടെയോ ഒക്കെ ഭീതി വിതച്ച് നടക്കുന്നതായി അദ്ദേഹം മനസിലാക്കുന്നത്. അതിന്റെ ഉറവിടം കണ്ടെത്താനുള്ള രഹസ്യാന്വേഷണം ഊർജിതമാക്കിയ വേളയിൽ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ അദ്ദേഹം കണ്ടെത്തി. സത്യങ്ങൾ എപ്പോഴും അപ്രിയമായിരിക്കുമല്ലോ. എന്നുവച്ച് സത്യം സത്യമല്ലാതാകില്ല. ആരോഗ്യവിദഗ്ദ്ധരുടെ ഒരു പ്രശ്നമെന്ന് പറയുന്നത്, അവർ സത്യത്തെ മൂടി വയ്ക്കില്ല. അപ്രിയസത്യമാണെങ്കിലും കണ്ണിൽ ചോരയില്ലാതെ വെളിപ്പെടുത്തിക്കളയും.
ഡോക്ടർ കോടിയേരി സഖാവും ചെയ്തത് ഇത്രമാത്രമായിരുന്നു. ചെന്നിത്തല ഗാന്ധിയുടെ ഏതോ ഒരു സാമ്പിളെടുത്ത് അദ്ദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഗതി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടനടി അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്തു. അപ്രിയസത്യമായതിനാൽ ചെന്നിത്തല ഗാന്ധി ഈ കണ്ടെത്തലിനെ നിഷ്കരുണം തള്ളുകയുണ്ടായി. ഡോക്ടർ കോടിയേരി ബാലകൃഷ്ണന്റേത് വ്യാജ ബിരുദമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ ഡി.എൻ.എ പരിശോധിക്കാൻ കോടിയേരിയെ ആര് ചുമതലപ്പെടുത്തിയെന്നദ്ദേഹം ചോദിച്ചു. ആ ഡി.എൻ.എ പൊതുസമൂഹത്തിന് പ്രത്യേകിച്ചാരും ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടതില്ലെന്നും അറിയിച്ചു.
പക്ഷേ, ഡോക്ടർ കോടിയേരി സഖാവ് സ്വന്തം ലാബറട്ടറിയിലെ പരിശോധനാഫലങ്ങൾ പിന്നെയും പുറത്ത് വിട്ടുകൊണ്ടേയിരുന്നു. ചെന്നിത്തല ഗാന്ധിയുടെ ഡി.എൻ.എ പരിശോധനയ്ക്ക് തന്നെയാണ് അദ്ദേഹം തുനിഞ്ഞിറങ്ങുന്നത്. സ്രവസാമ്പിളെടുത്തുള്ള പരിശോധനയ്ക്കൊന്നും അദ്ദേഹം വില കല്പിക്കുന്നില്ല.
ചെന്നിത്തല ഗാന്ധിയുടെ പിതാവിലാണ് ആർ.എസ്.എസ് അംശം സംശയകരമായ അളവിൽ ഡോക്ടർ കോടിയേരി സഖാവ് കണ്ടെത്തിയത്. ആർ.എസ്.എസ് മുഖപത്രം ചെന്നിത്തലഗാന്ധിയുടെ വക്കാലത്തേറ്റെടുത്തതും അതിനാലാണത്രെ. ചെന്നിത്തല ഗാന്ധിയുടെ അച്ഛൻ രാമകൃഷ്ണൻനായർ മാഷ് ആർ.എസ്.എസിന്റെ ചെന്നിത്തലയിലെ കളരിക്കൽ ശാഖയിൽ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളിൽ പങ്കെടുത്തതാണ് ടെസ്റ്റ്റിസൾട്ട് പോസിറ്റീവാകാൻ കാരണമെന്നാണ് പരിശോധനാഫലത്തിൽ കാണിച്ചിരിക്കുന്നത്.
പക്ഷേ, ഡോക്ടർ കോടിയേരി സഖാവിന്റെ പരിശോധനയിലും തെളിയാത്ത ചില കണ്ടെത്തലുകൾ ആർ.എസ്.എസ് മുഖപത്രത്തിന്റെ തന്നെ ഡയഗ്നോസിസിൽ തെളിഞ്ഞതോടെ സംഗതി സമൂഹവ്യാപനത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക കനപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പോളിറ്റ്ബ്യൂറോ അംഗം രാമചന്ദ്രൻപിള്ള സഖാവിലും ആർ.എസ്.എസ് അംശം അനുവദനീയമായതിലും കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് ആർ.എസ്.എസ് മുഖപത്രത്തിന്റെ സാക്ഷ്യപ്പെടുത്തൽ. അത് സംഭവിച്ചവർക്ക് കാണുന്ന പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത് സൗമ്യഭാവമാണെന്നും മുഖപത്രം വിശദീകരിക്കുന്നു. ഹൈസ്കൂളിലായിരിക്കെ എസ്.ആർ.പി സഖാവ് കായംകുളത്തെ കൃഷ്ണപുരം പുള്ളിക്കണക്ക് ശാഖയിൽ ആർ.എസ്.എസിന്റെ ശിക്ഷക് ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ഡോക്ടർ കോടിയേരി സഖാവിന്റെ ഗവേഷണഫലത്തിൽ തെളിഞ്ഞത് സർസംഘചാലക് ചെന്നിത്തലയെ മാത്രമായിരുന്നു.
ആർ.എസ്.എസ് മുഖപത്രത്തിന്റെ ഗവേഷണഫലത്തെ തള്ളിക്കളയേണ്ടെന്ന് എസ്.ആർ.പി സഖാവ് തന്നെ സമ്മതിച്ച സ്ഥിതിക്ക് ഡോക്ടർ കോടിയേരി സഖാവ് സ്വയം ക്വാറന്റൈനിൽ പോകാൻ തയാറെടുക്കുന്നതായാണ് ഏറ്റവുമൊടുവിൽ കിട്ടിയ വിവരം. സാർവ്വദേശീയതാ ചൂർണ്ണം സേവിച്ചശേഷമാണ് തനിക്ക് സുഖപ്പെട്ടതെന്നാണ് എസ്.ആർ.പി സഖാവ് സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്.
സത്യം പറഞ്ഞാൽ കോടിയേരി സഖാവ് കൂടുതൽ ഗവേഷണത്തിന് തുനിയാതിരിക്കുന്നത് തന്നെയാകും ഇനിയങ്ങോട്ട് ബുദ്ധി. കൂടുതൽ തുനിഞ്ഞാൽ അടിയന്തരാവസ്ഥക്കാലത്തെ പരിശോധനാഫലം പോലും പുറത്തെടുത്ത് പരിശോധിക്കാൻ ചില ദുഷ്ടമനസ്സുകളൊക്കെ തയാറായെന്നിരിക്കും.
അടിയന്തരാവസ്ഥക്കാലത്ത് ചെറിയ ചില രോഗലക്ഷണങ്ങൾ കണ്ടെത്തിയത് ആദ്യം സുന്ദരയ്യ സഖാവായിരുന്നു. അന്ന് മതിയായ ചികിത്സ കണ്ടെത്താത്തതിനാൽ സ്വയം ക്വാറന്റൈൻ വിധിച്ച് അദ്ദേഹം ഒഴിഞ്ഞ് പോവുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ജനസംഘം, ആർ.എസ്.എസ് ആദികളുമായുള്ള പ്രതിപക്ഷ ഐക്യപ്പെടൽ രോഗവ്യാപനത്തിനിടയാക്കുമെന്നാണ് സുന്ദരയ്യ വിധിച്ചത്.
അതുകൊണ്ട്, കൊവിഡിനൊപ്പം നമുക്ക് സഞ്ചരിക്കേണ്ടി വരുമെന്ന് പിണറായി സഖാവ് പറഞ്ഞത് പോലെയൊക്കെ കാര്യങ്ങളെ കാണുന്നതാവും നമുക്ക് നല്ലത്. ഇത് വെറും ഓട്ട മത്സരമല്ല, മാരത്തൺ ഓട്ടമാണെന്നാണല്ലോ അദ്ദേഹത്തിന്റെ നിഗമനം.
സജി ചെറിയാൻ സഖാവ് ആൾ പരമസാത്വികനാണ്. നാല് ആശ്രമധർമ്മങ്ങളും അനുഷ്ഠിക്കാൻ മനസിനെ കാലേകൂട്ടി പാകപ്പെടുത്തിയാണ് ഓരോ ചുവടും വയ്ക്കുന്നത്. ബ്രഹ്മചര്യം ഏറക്കുറെ പൂർത്തിയാക്കിയാണ് സഖാവ് ഗാർഹസ്ഥ്യത്തിലേക്ക് കടന്നത്. അത് പൂർത്തിയാക്കും മുന്നേ സഖാവിന് വാനപ്രസ്ഥത്തിലേക്ക് കടക്കാനും അതുവഴി നാലാമത്തെ ആശ്രമമായ സന്യാസത്തെ പുൽകാനും ഉൽക്കടമായ വാഞ്ഛ. ഒന്നും മറച്ചുവച്ച് ശീലമില്ലാത്തതിനാൽ സഖാവ് കാര്യം നേരേ ചൊവ്വേ അങ്ങ് പറഞ്ഞു.
സഖാവിനിപ്പോൾ 55 വയസ് പിന്നിടുകയാണ്. ഈ സ്ഥിതിക്ക് 55 വയസിൽ എമ്മെല്ലേപ്പണി ഉപേക്ഷിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹം പങ്കുവച്ചത്. എല്ലാവരും ഈയൊരു ധർമ്മം പാലിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. 75 വയസുള്ള പിണറായി സഖാവിനെയടക്കം പ്രതിസന്ധിയിലാക്കുന്ന ഈയൊരാഗ്രഹം സജി ചെറിയാൻ സഖാവ് നടത്തിയിട്ടുണ്ടെങ്കിൽ, അത് പിള്ള മനസ്സിൽ കള്ളമില്ലാത്തത് കൊണ്ട് മാത്രമാണ്.
ഇ-മെയിൽ: dronar.keralakaumudi@gmail.com