പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണസംഖ്യ 86 ആയി, 25പേർ അറസ്റ്റിൽ, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

Sunday 02 August 2020 10:44 AM IST

ന്യൂഡൽഹി: പഞ്ചാബിലെ മൂന്നുജില്ലകളിൽ കഴിഞ്ഞദിവസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. തൻ തരൻ ജില്ലയിൽ 63 പേരും അമൃത്സറിൽ 12 പേരും ബട്ടാലയിൽ 11 പേരുമാണ് മരിച്ചത്. നിരവധിപേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ദുരന്തവുമായി ബന്ധപ്പെട്ട് ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും നാല് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു. 25പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

ഇന്നലെമാത്രം മൂന്ന് ജില്ലകളിലായി നൂറിലേറെ റെയ്ഡുകൾ നടത്തിയതിൽ 17 പേരാണ് പിടിയിലായത്. വ്യാജമദ്യം നിർമ്മിക്കാനുളള വസ്തുക്കളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് അധികൃതർ പറയുന്നത്. അതേസമയം വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാർക്കും എം എൽ എമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ശിരോമണി അകാലിദൾ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെടുന്നു.