സ്വന്തം സഹോദരനെന്ന് ബച്ചൻ വാഴ്‌ത്തി, ഒന്നാം യു പി എ സർക്കാരിനെ പിടിച്ചു നിറുത്തി സോണിയയെ രക്ഷിച്ചു: ചാണക്യതന്ത്രത്തിൽ അമിത്ഷായേക്കാൾ കേമനായ അമ‌‌‌ർ സിംഗ്

Sunday 02 August 2020 12:13 PM IST

ന്യൂഡൽഹി: ഒന്നാം യു.പി.എ സർക്കാരിനെ നിർണായക ഘട്ടത്തിൽ താങ്ങി നിറുത്തിയതടക്കമുള്ള നീക്കങ്ങളിലൂടെ ഡൽഹിയിലെ രാഷ്‌ട്രീയ ചാണക്യനായി അറിയപ്പെട്ടിരുന്ന മുൻ സമാജ്‌വാദി പാർട്ടി നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് (64) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ സിംഗപ്പൂരിലായിരുന്നു അന്ത്യം.

2017ൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ല. മാർച്ചിൽ ലോക്ക് ഡൗണിന് മുൻപാണ് സിംഗപ്പൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ തന്റെ മരണവാർത്ത പ്രചരിച്ചപ്പോൾ, 'കടുവ മരിച്ചിട്ടില്ലെന്ന്' അദ്ദേഹം സ്വയം ട്വിറ്ററിൽ പോസ്‌‌റ്റു ചെയ്‌തിരുന്നു. ഇന്നലെ മരിക്കുന്നതിന് തൊട്ടു മുൻപു വരെയും ട്വിറ്ററിൽ സജീവമായിരുന്നു.

ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ അമർ സിംഗ്,​ മുലായം സിംഗിന്റെ വിശ്വസ്‌തനായി സമാജ്‌വാദി പാർട്ടിയിലൂടെയാണ് ദേശീയരാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നുതവണ രാജ്യസഭാംഗമായി. അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറിന്റെ പേരിൽ 2008ൽ സി.പി.എം പിന്തുണ പിൻവലിച്ചപ്പോൾ 39 സമാജ്‌വാദി എം.പിമാരുടെ പിന്തുണ ഉറപ്പാക്കി ഒന്നാം യു.പി.എ സർക്കാരിനെ താങ്ങി നിറുത്തിയത് അമർസിംഗിന്റെ നീക്കങ്ങളാണ്. 2008ൽ വിശ്വാസവോട്ടെടുപ്പിന് ബി.ജെ.പി അംഗങ്ങൾക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന കേസിൽ ഏതാനും ദിവസം തീഹാർ ജയിലിൽ കിടന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് 2010ൽ എസ്.പി വിട്ട് ചലച്ചിത്ര താരം ജയപ്രദയ്‌ക്കൊപ്പം സ്വന്തമായി രൂപീകരിച്ച രാഷ്‌ട്രീയ ലോക് മഞ്ച് വിജയിച്ചില്ല. 2016ൽ എസ്.പി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭാംഗമായി. അഖിലേഷ് യാദവുമായി ഉടക്കിയതോടെ 2017ൽ വീണ്ടും പാർട്ടി പുറത്താക്കി. അമിതാഭ് ബച്ചനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അമർ സിംഗ് രണ്ട് ബോളിവുഡ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

അധികാരത്തിലെ പ്രധാനി

1996, 2003 വർഷങ്ങളിൽ സമാജ്‌വാദിയുടെ രാജ്യസഭാ എം.പിയായിരിക്കെയാണ് രാഷ്‌ട്രീയ ചാണക്യൻ എന്ന നിലയിൽ അമർസിംഗ് ഡൽഹിയിൽ പ്രധാനിയായത്. ഇടക്കാലത്ത് ഗാന്ധി കുടുംബവുമായി പിണങ്ങിയ ബച്ചനുമായുള്ള അടുപ്പം മൂലം അമർസിംഗിനെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അകറ്റിയിരുന്നു. അടുത്ത സുഹൃത്തായ മുൻ സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സുർജിത് സിംഗ് വഴിയാണ് സിംഗ് ആ പിണക്കം മാറ്റിയത്.

മുലായം സിംഗിനെ സോണിയയ്‌ക്ക് പരിചയപ്പെടുത്തിയതും 2008ൽ ആണവ കരാറിൽ പ്രതിഷേധിച്ച് സി.പി.എം ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ അവസരോചിതമായ നീക്കങ്ങളിലൂടെ 39 സമാജ്‌വാദി പാർട്ടി എം.പിമാരുടെ പിന്തുണ നൽകി സർക്കാരിനെ താഴെ വീഴാതെ രക്ഷിച്ചതും സിംഗിന്റെ ചാണക്യ തന്ത്രങ്ങളാണ്.എന്നാൽ യു.പി.എ സർക്കാരിനെ രക്ഷിക്കാൻ മൂന്ന് ബി.ജെ.പി എം.പിമാർക്ക് കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം അദ്ദേഹത്തിന് ക്ഷീണമായി. ഇതുമായി ബന്ധപ്പെട്ട കേസിൽ 2011ൽ ഏതാനും ദിവസം തിഹാർ ജയിലിൽ കിടക്കേണ്ടിവന്നു. പിന്നീട് സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.2010ൽ സമാജ്‌വാദി പാർട്ടി വിട്ട ശേഷം സ്വന്തമായി രൂപീകരിച്ച രാഷ്‌ട്രീയ ലോക് മഞ്ച് യു.പിയിൽ പോലും ക്ളച്ചു പിടിക്കാതിരുന്നതും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഇടക്കാലത്ത് രാഷ്‌ട്രീയ അജ്ഞാത വാസത്തിലായിരുന്നു. 2016ൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017ൽ വീണ്ടും പുറത്താക്കലിന് വിധേയമായി. വൃക്ക രോഗം വീണ്ടും മൂർച്ഛിച്ച് ചികിത്സയ്‌ക്കിടെയായിരുന്നു ഇന്നലെ അന്ത്യമുണ്ടായത്.