നാടുഭരിക്കുന്ന ആൾക്ക് സ്വന്തം ഓഫീസ് ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ അധികാരത്തിൽ തുടരാൻ അർഹനല്ല ; മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല

Monday 03 August 2020 9:38 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നിരോധന വകുപ്പ് സംസ്ഥാനത്ത് അഴിമതിയ്ക്ക് കൂട്ടു നിൽക്കുന്നുവെന്ന് പറ‌ഞ്ഞ അദ്ദേഹം വിജിലൻസും പൊലീസ് ഇന്റലിജൻസും പിരിച്ചുവിടണമെന്നും മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നേതാക്കൾ നടത്തുന്ന 'സ്‌പീക്ക് അപ്പ് കേരള' സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ധാർമികത ഇല്ലെന്ന് പറഞ്ഞ ചെന്നിത്തല അധികാരത്തിൽ കടിച്ചുതൂങ്ങുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പരിഹസിച്ചു. രാജ്യദ്രോഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സോളാർ കേസിലെ പോലെ ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാൻ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഉദ്യോഗസ്ഥർ അഴിമതി ചെയ്യുന്നത് കഴിവ് കെട്ട ഭരണമായതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ പങ്കുണ്ട് എന്ന് വരുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയേറ്റിൽ വരെ എൻ.ഐ.എ എത്തി. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ഏതുനിമിഷവും അന്വേഷണം എത്താം. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം എത്തുക എന്നൊരു സംഭവം രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഇത്രയും കാലം മുഖ്യമന്ത്രിയുടെ നാവും കണ്ണുമായി പ്രവർത്തിച്ച പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആൾക്ക് സ്വന്തം ഓഫീസ് ഭരിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം അധികാരത്തിൽ തുടരാൻ അർഹനല്ല. എൻ.ഐ.എ അന്വേഷണത്തെ നിസാരവത്കരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ചെന്നിത്തല സർക്കാരിന്റെ എല്ലാ കരാറുകളും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.