ട്രഷറി തട്ടിപ്പ്; ബിജുലാലിനെ പിരിച്ചുവിടും, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

Monday 03 August 2020 12:20 PM IST

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യപ്രതി ബിജു ലാലിനെ പിരിച്ചുവിടും. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രഷറി ഡയറക്ടർ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. ബിജുലാലിന് എതിരായ തുടർനടപടികൾ വൈകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ബിജുലാൽ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.

സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ ട്രഷറി ഓഫീസർ, ടെ‌ക്‌നിക്കൽ കോഡിനേറ്റർ എന്നിവർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകും. വിഷയം ചർച്ച ചെയ്യാൻ വൈകുന്നേരം മൂന്ന് മണിയ്ക്ക് ധനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും. ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെല്ലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം. തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ നിന്നു തന്നെ കണ്ടെത്തി. ഇതേസമയം പണം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു.