സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നു; ജലീൽ പറഞ്ഞത് അവിശ്വസനീയമെന്ന് കെ.സുരേന്ദ്രൻ

Monday 03 August 2020 12:40 PM IST

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയിലെ തന്നെ ഒരു അംഗം സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ സംസ്ഥാന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നൊ യാതൊരു പ്രതികരണവും ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചു എന്ന ആരോപണം നേരത്തെ ഉയർന്നുവന്നതാണ്. മുമ്പ് താൻ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി കെ.ടി ജലീലിൽ റംസാൻ കിറ്റാണോ സ്വർണകിറ്റാണോ വിതരണം ചെയ്തതെന്ന് ചോദിച്ചിരുന്നു. അന്വേഷണം ഈ ദിശയിലേക്കാണ് പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സിയാറ്റിൽ നിന്ന് 28 ബാഗേജുകൾ മലപ്പുറം ജില്ലയിലേക്ക് പോയി എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിയാറ്റിൽ കെ.ടി. ജലീലിന്റെ കീഴിലുള്ള വകുപ്പാണ്. ഇവിടേക്ക് യു.എ.ഇ കോൺസുലേറ്റിൽ നിന്നെന്ന് പറഞ്ഞ് 28 പാക്കറ്റുകൾ വന്നിരുന്നുവെന്നും ആ പായ്ക്കറ്റുകളെല്ലാം തന്നെ മലപ്പുറം ജില്ലയിലേക്കാണ് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

സിയാറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഏജൻസികൾ നടപടികളാരംഭിച്ചു. എന്നാൽ വിശുദ്ധ ഖുറാൻ ആണ് മലപ്പുറത്തേക്ക് പോയതെന്നാണ് ജലീൽ പറഞ്ഞത്. ഇത് അവിശ്വസനീയമായ കാര്യമാണ്. വിശുദ്ധ ഖുറാൻ യു.എ.ഇയിൽ നിന്ന് ഇവിടെ എത്തിക്കേണ്ട യാതൊരു കാര്യവും ഇല്ല. കേരളത്തിലെവിടെയും സുലഭമായി കിട്ടുന്ന ഗ്രന്ഥമാണ് ഖുറാൻ. 28 പായ്ക്കറ്റുകളിൽ ചിലത് പൊട്ടിക്കാൻ പാടില്ലെന്ന നിർദേശം സിയാറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. സിയാറ്റിലെ നിയമനങ്ങളെല്ലാം അനധികൃതമായാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഒരോ ദിവസവും പുറത്തുവരികയാണ്. തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയൊ സി.പി.എം നേതാക്കളോ ഒരു മറുപടിയും പറയാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.