കൊവിഡ് വ്യാപനത്തിന് കാരണം അലംഭാവം: മുഖ്യമന്ത്രി

Tuesday 04 August 2020 12:42 AM IST

തിരുവനന്തപുരം: അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കൊവിഡ് പടർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി വിവിധ ജില്ലകളിലാരംഭിച്ച 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗം വരാതിരിക്കാനും പടരാതിരിക്കാനുമുള്ള മുൻകരുതലുകൾ വീകരിച്ചതായിരുന്നു. എന്നാൽ ഇതൊന്നും സാരമില്ലെന്ന തെറ്റായ സന്ദേശമാണ് ഇന്നത്തെ അവസ്ഥയ്‌ക്കിടയാക്കിയത്.

കേരളത്തിന് പുറത്ത് നിന്ന് ലക്ഷങ്ങളാണ് മടങ്ങിയെത്തിയത്. ചിലർക്കെങ്കിലും രോഗമുണ്ടായിരുന്നു. അവർക്കെല്ലാം ചികിത്സയൊരുക്കി. കൊവിഡിനെ പ്രതിരോധിക്കാൻ ക്വാറന്റൈൻ കൃത്യമായി പാലിക്കുകയാണ് പ്രധാന വഴി. എന്നാൽ പല സ്ഥലങ്ങളിലും കുറേ അലംഭാവവും വിട്ടുവീഴ്ചയുമുണ്ടായി. ഇക്കാര്യത്തിൽ കർക്കശ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ.ടി. ജലീൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ, ആരോഗ്യകേരളം ഡയറക്ടർ രത്തൻ ഖേൽക്കർ, ആർദ്രം മിഷൻ കൺസൾട്ടന്റ് ഡോ. പി.കെ. ജമീല തുടങ്ങിയവർ പങ്കെടുത്തു.