നന്നായി കൊട്ടണം, മികച്ച കലാകാരനായി വളർന്നു വരണം: പലക ഔട്ട്! അഭിഷേകിന് ഡ്രംസ് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ, വീഡിയോ കാണാം

Monday 03 August 2020 11:29 PM IST

പലകയിലും മാർബിളിലും കൊട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറം സ്വദേശി അഭിഷേകിന് ഡ്രം കിറ്റ് തന്നെ സമ്മാനമായി നൽകി ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. നടന്റെ ഇടപെടലിനെ തുടർന്ന് ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അസോസിയേഷനാണ് അഭിഷേകിന്റെ വീട്ടില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഈ സമ്മാനം എത്തിച്ചുകൊടുത്തത്. കൂടാതെ, അഭിഷേകിനെ ഉണ്ണി വിഡിയോ കോള്‍ ചെയ്യുകയും ചെയ്തു.

ഡ്രംസ് ശരിയായ വിധം പരിശീലിച്ച് നന്നായി കൊട്ടണമെന്നും നാളെ മികച്ച കലാകാരനായി വളര്‍ന്നു വരണമെന്നുമാണ് ഉണ്ണി മുകുന്ദൻ വീഡിയോ കോളിലൂടെ അഭിഷേകിന് ഉപദേശം നൽകിയത്.

പോരാഞ്ഞ്, ഡ്രംസിന് എന്തെങ്കിലും കേട് സംഭവിച്ചാൽ അറിയിക്കണമെന്നും അപ്പോള്‍ മറ്റൊരെണ്ണം വാങ്ങിത്തരുമെന്ന് കൂടി ഉണ്ണി അറിയിച്ചിട്ടുണ്ട്. ഈ അവസരത്തിൽ തനിക്ക് സിനിമയില്‍ ഒരു അവസരം തരുമോ എന്ന് ചോദിക്കാനും അഭിഷേക് മറന്നില്ല. ചോദ്യത്തിന് 'അതിനെന്താ ഒരുമിച്ചു സിനിമയില്‍ അഭിനയിക്കാമല്ലോ' എന്നായിരുന്നു ഉണ്ണിയുടെ മറുപടി. ഒരുനാള്‍ നേരില്‍ കാണാമെന്നും അഭിഷേകിന് ഉണ്ണി ഉറപ്പും നൽകിയിട്ടുണ്ട്.