253പേർക്ക് രോഗമുക്തി; 205പേർക്ക് രോഗം
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 253പേർ രോഗമുക്തി നേടിയെങ്കിലും തിരുവനന്തപുരത്തെ ആശങ്കകൾ തുടരുകയാണ്. ഇന്നലെ 205പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 197പേർക്കും രോഗം സമ്പർക്കം വഴിയാണ്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. രണ്ടുപേർ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്. അതേസമയം സാമൂഹിക വ്യാപനം ഉണ്ടായ ജില്ലയിലെ ക്ലസ്റ്ററുകൾ 13ആയി ഉയർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗവ്യാപനം ക്ലസ്റ്ററുകൾക്ക് പുറത്തും അധികരിച്ചിട്ടുണ്ട്. പൂന്തുറ,പുല്ലുവിള,പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ,പാറശ്ശാല,കുളത്തൂർ,കാരോട്,പെരുമാതുറ,പൂവാർ എന്നീ ക്ലസ്റ്ററുകളിലാണ് സമ്പർക്ക രോഗവ്യാപനം അധികരിക്കുന്നത്. നെയ്യാറ്റിൻകര മണ്ഡലത്തിൽ 21പേർക്കും. പട്ടം തേക്കുംമൂട്ടിൽ 16പേർക്കും പോസിറ്റീവായി. ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം അണുനശീകരണത്തിനായി അടച്ചു. കൺട്രോൾ റൂം,വയർലെസ് സംവിധാനങ്ങൾ പ്രവർത്തിക്കും. ഉദ്യോഗസ്ഥർ വീടുകളിലിരുന്ന് ജോലി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ ആശുപത്രികൾ, പച്ചക്കറി-മത്സ്യ മാർക്കറ്റ്, വിവാഹ-മരണ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും. ഇന്നലെ രോഗലക്ഷണങ്ങളൊന്നുമില്ലാതെ 188 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തു.
ആകെ നിരീക്ഷണത്തിലുള്ളവർ-17,875 വീടുകളിൽ -14,318 ആശുപത്രികളിൽ -2,719 കെയർ സെന്ററുകളിൽ -838 പുതുതായി നിരീക്ഷണത്തിലായവർ-1,208