സ്വർണക്കടത്ത്; രണ്ട് പേർ കൂടി അറസ്റ്റിൽ, കേസ് എൻ.ഐ.എ ഏറ്റെടുത്തത് രാഷ്ട്രീയ പ്രേരിതമെന്ന് സ്വപ്‌ന കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിലായി. ഷഫീഖ്, ഷറഫുദീൻ എന്നീ രണ്ടു പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. റമീസിന്റെ സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
സ്വപ്ന നൽകിയ ജാമ്യഹർജിയിൽ എൻ.ഐ.എ കോടതിയിൽ വാദം തുടരുകയാണ്. കേസിൽ യു.എ.പിഎ ചുമത്തിയത് നിലനിൽക്കില്ലെന്ന വാദമാണ് സ്വപ്നസുരേഷ് കോടതിയിൽ ഉയർത്തിയത്. കേസ് എൻ.ഐ.എ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്.ഐ.ആർ തയ്യാറാക്കിയതും രാഷ്ട്രീയ പ്രേരിതമായാണെന്ന് സ്വപ്ന കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേസിൽ എൻ.ഐ.എയ്ക്ക് രാഷ്ട്രീയ താത്പര്യമില്ലെന്നും കേരളാ മുഖ്യമന്ത്രിയാണ് കേസ് അന്വേഷണത്തിന് കേന്ദ്രത്തിന് കത്തെഴുതിയതെന്നും സോളിസിറ്റർ ജനറൽ കോടതിയെ ബോധിപ്പിച്ചു.
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തത കാര്യവും അഡീഷണൽ സോളിസിറ്റൽ ജനറൽ കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്തിൽ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്നും നികുതി വെട്ടിപ്പല്ലേയെന്നും ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കോടതി ആരാഞ്ഞു. എന്നാൽ സംഘം 20 തവണയായി 200 കിലോഗ്രാമിലേറെ സ്വർണം കടത്തിയെന്ന് വ്യക്തമാക്കിയ അഡീ. സോളിസിറ്റർ ജനറൽ, ഒരാൾ ഒരു തവണ സ്വർണം കടത്തുന്നത് പോലെയല്ല തുടർച്ചയായ കടത്തലെന്നും വ്യക്തമാക്കി. സംഘം നടത്തിയ സ്വർണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന പ്രവർത്തികൾ ഭീകരവാദ പ്രവർത്തനത്തിന്റെ പരിധിയിൽ വരുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.