'എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചുനിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്നാണ് പറയാറ്' മമ്മൂട്ടിയുടെ ലോക്ക്ഡൗൺ ചലഞ്ചിനെക്കുറിച്ച് പറഞ്ഞ് ദുൽഖർ
കൊവിഡ് വ്യാപനം രൂക്ഷമായതോടെ എല്ലാവരും വീടിനുള്ളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. സിനിമ ഷൂട്ടിംഗൊക്കെ നിർത്തിയതിനാൽ താരങ്ങൾ പാട്ടും, നൃത്തവും, പാചക പരീക്ഷണവുമൊക്കെയായിട്ട് അവരുടെ ഒഴിവു സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നു. മിക്കവരും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.
അത്തരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ലോക്ക് ഡൗൺ ചലഞ്ചിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാനുള്ള ശ്രമത്തിലാണ് വാപ്പച്ചി എന്ന് ദുൽഖർ പറയുന്നു.
'ഞാൻ 150 ദിവസം വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല. ഗേറ്റിനുവെളിയിൽ പോലും പോയിട്ടില്ല എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. എത്ര ദിവസം വരെ ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് നോക്കട്ടെ എന്നാണ് ഇപ്പോഴത്തെ ചലഞ്ച്. വെറുതെയൊരു ഡ്രൈവിന് പുറത്തു പോയ്ക്കൂടെ എന്ന് ഞാൻ ചോദിക്കാറുണ്ട്. അദ്ദഹം വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ്'-ദുൽഖർ പറഞ്ഞു.ഒരുപരിപാടിയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.