പൂജയിൽ പങ്കെടുക്കുന്നവർക്ക് രജത നാണയം, ഒരുലക്ഷത്തിലേറെ ലഡു; അയോദ്ധ്യയിലെ ഒരുക്കങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്

Tuesday 04 August 2020 3:32 PM IST

ന്യൂഡൽഹി: ദിവസങ്ങൾക്ക് മുൻപേ ഉത്സവ പ്രതീതി തന്നെയാണ് അയോദ്ധ്യയിൽ. രാമക്ഷേത്ര ശിലാ സ്ഥാപനത്തിന് 24മണിക്കൂർ സമയം മാത്രം അവശേഷിക്കേ ഒരുക്കങ്ങൾ തകൃതിയാണ്. നാളത്തെ ചടങ്ങിലെ മുഖ്യാതിഥികൾ പ്രധാനമന്ത്രി ഉൾപ്പടെ നാലുപേരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് തലവനായ മോഹൻ ഭഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണവർ. മതാചാര്യന്മാരും മ‌റ്റ് വിശിഷ്‌ടാതിഥികളും ചേർന്ന് 175 പേരുമുണ്ടാകും. ക്ഷേത്ര ശിലാസ്ഥാപനത്തിനുള‌ള മുഹൂർത്തം വെറും 32 സെക്കന്റ് മാത്രമാണ് നീണ്ടുനിൽക്കുക, ഉച്ചക്ക് 12:44:08 മുതൽ 12:44:40 വരെ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദി അയാദ്ധ്യയിൽ മൂന്ന് മണിക്കൂറോളം ഉണ്ടാകും. അടുത്തുള‌ള ഹനുമാൻ ഗാർഹി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും.

ചടങ്ങിൽ വച്ച് പ്രത്യേക തപാൽ സ്‌റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്യും. ശേഷം വൃക്ഷത്തെകൾ നടും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം 20 മിനി‌ട്ടോളം നേരം പൂജയുണ്ടാകും. ഉച്ചക്ക് രണ്ട് മണിയോടെ ചടങ്ങുകൾ അവസാനിക്കും.

ഭൂമി പൂജയിൽ പങ്കെടുക്കുന്ന സന്യാസിമാർക്ക് കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യരായിരുന്ന ജയേന്ദ്ര സരസ്വതി തയ്യാറാക്കിയ വെള‌ളി നാണയങ്ങൾ നൽകും. നാളത്തെ ചടങ്ങിന് മുന്നോടിയായി 21 സന്യാസിമാർ പങ്കെടുക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പൂജകൾ തിങ്കളാഴ്‌ച ആരംഭിച്ചുകഴിഞ്ഞു. രാമജന്മ ഭൂമിയിലും ഹനുമാൻ ക്ഷേത്രത്തിലുമാണ് ഇവ നടക്കുക. രാമക്ഷേത്ര നിർമ്മാണത്തിന് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം വാങ്ങാനാണ് ഈ യജ്ഞം നടത്തുന്നത്.

ക്ഷേത്ര ശിലാസ്ഥാപന ശേഷം നൽകാനായി ഒരു ലക്ഷത്തിലേറെ ലഡുകൾ തയ്യാറായി കഴിഞ്ഞു. സുരക്ഷ അതിശക്തമാണ് അയോദ്ധ്യയിൽ. ഏതാണ്ട് നാലായിരത്തോളം സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു കഴിഞ്ഞു. ഇതിൽ എൻഎസ്‌ജി കമാന്റോകളുമുണ്ട്. ഇവിടെ 75ഓളം ചെക്‌പോസ്‌റ്റുകൾ ഇവർ സ്ഥാപിച്ച് റോഡുകൾ അടച്ച് കർശന മേൽനോട്ടം നടത്തുകയാണ്. ഇന്നലെ രാത്രിമുതൽ തന്നെ ജില്ലാ അതിർത്തികൾ അടച്ചുകഴിഞ്ഞു. പ്രധാനമന്ത്രി വരുന്നതിന് രണ്ട് മണിക്കൂർ മുൻപ് നഗരം പൂ‌ർണമായി അടക്കും, ചടങ്ങിനിടെ പുറത്തുപോയാൽ തിരികെ മടങ്ങിവരാൻ സാധിക്കുകയില്ല.