അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചു

Tuesday 04 August 2020 9:10 PM IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വസതിയിലെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതകം - സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചത്.

ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യവിവരം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് 51 കാരനായ പ്രധാന്‍. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. അതിനിടെ മുതിര്‍ന്ന സി.പി.എം നേതാവ് സുന്നം രാജയ്യ കൊവിഡ്-19 ബാധിച്ചു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള മുന്‍ എം.എല്‍.എ കൂടിയാണ് അദ്ദേഹം. വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റവേയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.