പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില സ്ഥാപിക്കും - അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് ഇന്ന് ഭൂമിപൂജ
@ഭൂമിപൂജ ഉച്ചയ്‌ക്ക് 12.30ന്
അയോദ്ധ്യ: രാമമന്ത്രധ്വനികൾ മുഴങ്ങുന്ന ക്ഷേത്ര നഗരിയായ അയോദ്ധ്യയിൽ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കംകുറിച്ച് ഭൂമിപൂജ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാമം ആലേഖനം ചെയ്‌ത വെള്ളി കൊണ്ടുള്ള ശില സ്ഥാപിക്കുന്നതോടെ ക്ഷേത്ര നിർമ്മാണത്തിന് തുടക്കമാവും.
കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും അയോദ്ധ്യ പതിറ്റാണ്ടുകൾ നീണ്ട തർക്കങ്ങളുടെയും സംഘർഷത്തിന്റെയും നിയമയുദ്ധത്തിന്റെയും കാറും കോളും ഒഴിഞ്ഞ് ആഘോഷ ലഹരിയിലാണ്.
ശക്തമായ സുരക്ഷാസന്നാഹങ്ങൾക്ക് നടുവിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ചടങ്ങുകൾ. അയോദ്ധ്യ നഗരത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. പുറത്തുനിന്ന് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശനം. ഹനുമാൻ ഗഢി മുതൽ രാമക്ഷേത്രം വരെയുള്ള പ്രദേശത്തെ തദ്ദേശീയർക്ക് പ്രത്യേക പാസ് നൽകിയിട്ടുണ്ട്.
ഭൂമിപൂജയ്ക്ക് മുന്നോടിയായുള്ള ഗണേശ പൂജയും മറ്റ് ചടങ്ങുകളും ഇന്നലെ നടന്നു. താത്കാലിക ശ്രീകോവിലിൽ സൂക്ഷിച്ചിട്ടുള്ള രാംലല്ല വിഗ്രഹത്തിൽ രണ്ട് ദിവസമായി നടക്കുന്ന പ്രത്യേക പൂജ ഇന്നും തുടരും. ഇന്നത്തെ പൂജയ്‌ക്ക് വിഗ്രഹത്തെ പച്ചനിറമുള്ള വസ്‌ത്രം ധരിപ്പിക്കുന്നതിനെ ചൊല്ലി വിവാദവുമുയർന്നു.
രാജ്യമെമ്പാടും നിന്നുള്ള 36 ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായി 135 സന്യാസിവര്യന്മാർ ഉൾപ്പെടെ 175 പേർക്കാണ് ഭൂമിപൂജാ ചടങ്ങിന് ക്ഷണക്കത്ത് നൽകിയിട്ടുള്ളത്. രാജ്യത്തിന് പുറത്തുനിന്നുള്ള പ്രതിനിധിയായി നേപ്പാളിലെ ജാനകീ ക്ഷേത്രത്തിന്റെ പുരോഹിതനും ഉണ്ട്. 1990ൽ പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട കർസേവകരുടെ ബന്ധുക്കളെയും ക്ഷണിച്ചിട്ടുണ്ട്.
രാംലല്ലയുടെ ചിത്രം ആലേഖനം ചെയ്‌ത ക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസ് ദേശീയ അദ്ധ്യക്ഷൻ മോഹൻ ഭാഗവതും ഉൾപ്പെടെ അഞ്ച് പേരേ ഉള്ളൂ. രാമജന്മഭൂമി ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ എന്നിവരാണ് മറ്റുള്ളവർ. ഈ അഞ്ച് പേർ മാത്രമാവും വേദിയിൽ ഉണ്ടാവുക. സുരക്ഷ ഉറപ്പാക്കാൻ ക്ഷണക്കത്തിൽ സെക്യൂരിറ്റി കോഡ് ഉണ്ട്.
മോദിയുടെ പരിപാടി
@രാവിലെ 10.35ന് ലക്‌നൗ വിമാനത്താവളത്തിൽ എത്തും
@11.30ന് അയോദ്ധ്യയിൽ ഹെലികോപ്ടറിൽ എത്തും
@11.40ന് ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം
@12ന് രാമജന്മഭൂമിയിൽ. രാംലല്ല ദർശനം
@12.15ന് വൃക്ഷത്തൈ നടും
@12.30ന് ഭൂമിപൂജ
@12.40ന് വെള്ളി ശില സ്ഥാപിക്കും
@രാമക്ഷേത്രത്തിന്റെ ചിത്രമുള്ള സ്റ്റാമ്പ് പ്രകാശനം ചെയ്യും
@മഹന്ത് നൃത്യഗോപാൽ ദാസുമായും മറ്റ് ട്രസ്റ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച. തുടർന്ന് ഡൽഹിക്ക് മടക്കം