അമേരിക്കൻ സർക്കാർ ഏജൻസികളിൽ വിദേശികൾ വേണ്ട: ഉത്തരവിൽ ട്രംപ് ഒപ്പിട്ടു

Wednesday 05 August 2020 12:42 AM IST

വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഏജൻസികളുടെ ജോലികൾക്കായി എച്ച് 1ബി വിസയിലെത്തുന്നവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കി. ഇതുസംബന്ധിച്ച ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. സർക്കാർ ഏജൻസികൾ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്.

പ്രധാനമായും എച്ച് 1 ബി വിസയിൽ അമേരിക്കയിലെത്തുന്നവരെ ലക്ഷ്യമിട്ടാണ് ഉത്തരവ്. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. അതിനാൽ അമേരിക്കയിൽ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഈ വർഷം അവസാനം വരെ എച്ച് 1 ബി വിസ അനുവദിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്. ജൂൺ 23 നാണ് ഈയൊരു തീരുമാനം വന്നത്. ഇതിന് പിന്നാലെയാണ് നിലവിൽ വിസയുള്ളവർക്കും തിരിച്ചടിയാകുന്ന ഉത്തരവിറങ്ങിയിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടികൾ. അമേരിക്കക്കാരുടെ തൊഴിലുകൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടികളെന്നാണ് ട്രംപിന്റെ വാദം.

ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളാണ്‌ എച്ച് 1 ബി വിസയുടെ പ്രധാന ഗുണഭോക്താക്കൾ. ആയിരക്കണക്കിന് ആളുകളെയാണ് ഒരോവർഷവും ഈ വിസയിൽ അമേരിക്കൻ കമ്പനികൾ റിക്രൂട്ട് ചെയ്തിരുന്നത്.