വർക്കലയിൽ വഴി അടച്ച് റെയിൽവേ

Wednesday 05 August 2020 4:42 AM IST

വർക്കല: റെയിൽവേ അധികൃതർ വഴി അടച്ചതോടെ ഗുഡ് ഷെഡ് റോഡിലെ ചെറുകുന്നം പ്രദേശവാസികളുടെ യാത്രാസൗകര്യം ബുദ്ധിമുട്ടിൽ. റെയിൽവേ സ്റ്റേഷന് കിഴക്കുവശത്ത് താമസിക്കുന്നവരാണ് കാൽനടയാത്രാ സൗകര്യമില്ലാതെ ദുരിതത്തിലായത്. പഴയ ചങ്ങല ഗേറ്റിനും വി.ആർ കോളേജിനും സമീപത്തുള്ള ട്രാക്കുകൾ മറികടന്നാണ് ഇവ‌ർ പ്രധാന റോഡിലേക്ക് ഇറങ്ങിയിരുന്നത്. കുറച്ചുമാസം മുമ്പ് റെയിൽവേ അധികൃതർ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന വഴി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ച് കെട്ടിയടച്ചിരുന്നു. മഴക്കാലത്ത് റോഡിൽ നിന്ന് ട്രാക്കിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്നുവെന്നാണ് റെയിൽവേയുടെ പരാതി. പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കണ്ടശേഷം മാത്രമേ നടപടികൾ സ്വീകരിക്കാവൂ എന്ന് വി. ജോയി എം.എൽ.എ ഡിവിഷണൽ മാനേജർ ഉൾപ്പെടെയുള്ളവരോട് അഭ്യർത്ഥിച്ചിരുന്നു. അതിനുശേഷം കോൺക്രീറ്റ് ഭിത്തിക്ക് സമീപത്തെ ചെറിയ വിടവ് ചാടിക്കടന്നാണ് പ്രധാന റോഡിലേക്ക് പ്രദേശവാസികൾ എത്തിയിരുന്നത്. കഴിഞ്ഞ ദിവസം അധികൃതർ കാടുവെട്ടിത്തെളിച്ച വേസ്റ്റ് കൂട്ടിയിട്ട് ഈ ഭാഗവും അടയ്‌ക്കുകയായിരുന്നു. യാത്രാസൗകര്യം തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ചെറുകുന്നം സ്റ്റാർലെയിൻ റസിഡന്റ്സ് അസോസിയേഷനും നേതാജി റസിഡന്റ്സ് അസോസിയേഷനും വിവിധ സംഘടനകളും നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വി. ജോയി എം.എൽ.എ ഇന്നലെ സ്ഥലം സന്ദർശിച്ചു. റെയിൽവേ ഡിവിഷണൽ ജനറൽ മാനേജർക്ക് എം.എൽ.എ ഇ മെയിൽ വഴി നിവേദനം നൽകിയിട്ടുണ്ട്.