അഖിൽ 'ഹോം ക്വാറന്റൈനി'ലാണ്, 6 വർഷമായി !..

Wednesday 05 August 2020 12:13 AM IST
അഖിൽ ചിത്രരചനയിൽ

അമ്പലവയൽ: വയനാട് അമ്പലവയലിലെ വികാസ് കോളനിയിലാണ് അഖിലിന്റെ വീട്. കുത്തനെയുള്ള കയറ്റം കയറി കുറുകെയുള്ള പൈപ്പ് ചാടിക്കടന്നാൽ വീട്ടിലെത്തി. അലൂമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയ കൂരയിലേക്ക് കയറിയാൽ അഖിലിന്റെ മടിയിലിരുന്ന് ചിരിക്കുന്ന ചിത്രങ്ങളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. കൂട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ തുടിക്കുന്ന മുഖങ്ങൾ. കൈകാലുകളുടെ മാംസപേശികളെ തളർത്തുന്ന രോഗത്തോട് പൊരുതി അഞ്ച് മാസത്തിനുള്ളിൽ ഈ മിടുക്കൻ വരച്ച് തീർത്തത് നൂറിൽപ്പരം ചിത്രങ്ങൾ. ചികിത്സിക്കാനെത്തിയ ഫിസിയോതെറാപ്പിസ്റ്റ് ഡിമ്പിളാണ് വരയ്ക്കാനുള്ള അഖിലിന്റെ കഴിവിനെ കണ്ടെത്തുന്നത്. സുഹൃത്തുക്കൾ കടലാസും പെൻസിലും നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യൂട്യൂബ് വീഡിയോകളാണ് ചിത്രരചനയുടെ നല്ല പാഠങ്ങൾ അഖിലിന് പകർന്ന് നൽകിയത്. ആറ് വർഷം മുമ്പാണ് കന്യാകുമാരിയിൽ നിന്ന് അച്ഛൻ നെൽസണും അമ്മ മേരിയും സഹോദരൻ അരുണുമടങ്ങുന്ന കുടുബം അമ്മയുടെ നാടായ അമ്പലവയലിലേയ്ക്ക് എത്തുന്നത്. അന്നുമുതൽ അഖിലിന്റെ ലോകം ഈ കൂരയാണ്. പരസഹായമില്ലാതെ എഴുന്നേൽക്കാനോ നടക്കാനോ കഴിയാത്ത അഖിൽ, ആറ് വർഷത്തിനുള്ളിൽ പുറംലോകം കണ്ടത് രണ്ടോ മൂന്നോ തവണ. പഞ്ചായത്ത് അധികൃതർ വീട്ടിലേക്കുള്ള വഴിയിൽ കോൺക്രീറ്റിട്ടെങ്കിലും കുത്തനെയായതിനാൽ അഖിലിനെ എടുത്തുകൊണ്ട് പോകാൻ പോലും എളുപ്പമല്ല. ചിത്രരചനയിൽ വിസ്മയം തീർക്കുന്ന അഖിലിന്റെ സ്വപ്നം യാതാസൗകര്യമുള്ള സ്ഥലത്ത് സുരക്ഷിതമായൊരു വീട്, പിന്നെ ചിത്രരചനയിൽ ശരിയായ പരിശീലനം. അഖിലിന്റെ നമ്പർ : 9092493470.